ഈജിപ്തിലെ നയതന്ത്രാലയങ്ങള്‍ സൗദി നിര്‍ത്തിവെച്ചു
- Last Updated on 29 April 2012
- Hits: 2
ജിദ്ദ: പ്രക്ഷോഭ അന്തരീക്ഷം നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് കയ്‌റോ, അലക്‌സാണ്ട്‌റിയ, സൂയസ് എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സൗദി തീരുമാനിച്ചു. ശനിയാഴ്ച വൈകിട്ട് റിയാദില്‍ ഒരു ഔദ്യോഗിക വക്താവ് അറിയിച്ചതാണ് ഇക്കാര്യം. കൂടിയാലോചനയ്ക്കായി ഈജിപ്തില്‍നിന്ന് സൗദി അംബാസഡറെ മടക്കിവിളിച്ചിട്ടുണ്ട്.
സൗദി ആസ്ഥാനങ്ങള്‍ക്ക്‌നേരെ നിരന്തരം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളുംമൂലം നയതന്ത്ര കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുന്നില്ല. നയതന്ത്രപരമായും കോണ്‍സുലര്‍ സംബന്ധിച്ചുമുള്ള ഉത്തരവാദിത്തങ്ങളും തടസ്സപ്പെടുന്നുണ്ട്. ഈജിപ്തില്‍നിന്ന് സൗദിയിലേക്കുള്ള സാധാരണക്കാരുടെ യാത്ര, വിസ, തീര്‍ഥാടനം എന്നിവയ്ക്കുവേണ്ട ഏര്‍പ്പാടുകളും ഇതുമൂലം തടസ്സപ്പെട്ടതായി വക്താവ് തുടര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
ഈജിപ്തുകാരും സൗദിക്കാരുമായ നയതന്ത്രാലയങ്ങളിലെ ജീവനക്കാരുടെ ജീവന്‍ സുരക്ഷിതമാക്കേണ്ടതും ആവശ്യമാണ്. ഇപ്പോള്‍ നടക്കുന്ന അനാവശ്യ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.