ശിക്ഷാകാലാവധി കഴിഞ്ഞും ആറു വര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ മലയാളിക്കു മോചനം
- Last Updated on 02 May 2012
- Hits: 2
റിയാദ്• നഷ്ടപരിഹാരത്തുക കൊടുക്കാന്‍ കഴിയാതെ ശിക്ഷാകാലാവധി കഴിഞ്ഞും ആറു വര്‍ഷത്തിലധികം സൗദി ജയിലില്‍ കഴിയേണ്ടിവന്ന മലയാളിക്ക് ഒടുവില്‍ മോചനം. സുഹൃത്തിനു തന്‍റെ താമസാനുമതി കോപ്പി ഉപയോഗിച്ചു ഫ്ളാറ്റ് എടുത്തു കൊടുത്തു കുടുങ്ങിയ ബിജു തോമസ് ഇന്നലെ വൈകുന്നേരം ഏഴു മണിക്കു റിയാദില്‍ നിന്നു
നാട്ടിലേക്കു പുറപ്പെട്ടു. മുംബൈ വഴിയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നു രാവിലെ ആറു മണിക്കു കൊച്ചിയിലെത്തുമെന്നു സൗദി പരമോന്നത കോടതി മഹ്ഖമ അല്‍ ഖുബ്റ റജിസ്ട്രാര്‍ അബ്ദുറഹ്മാന്‍ ഇബ്ന്‍ അബ്ദുല്‍ അസീസ് അല്‍ ദുറൈഹിം മുന്‍പാകെ കേസ് കൈകാര്യം ചെയ്‌യാന്‍ ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയ പ്ളീസ് ഇന്ത്യ കോ ഒാര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അറിയിച്ചു.പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിന്‍റെ (പ്ളീസ് ഇന്ത്യ) കീഴില്‍ ജനകീയ സമിതി സ്വരൂപിച്ച 25,000 റിയാല്‍ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മഹ്ഖമ അല്‍ ഖുബ്റ ജഡ്ജി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഖുആദ് മുന്‍പാകെ കെട്ടിവച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം അന്‍പതിനായിരം റിയാല്‍ അടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ മോചന ഉത്തരവ് നേടാന്‍ കഴിഞ്ഞില്ല. പ്ളീസ് ഇന്ത്യാ അഭിഭാഷകന്‍ ഡോ. അബ്ദുല്ല അല്‍ സലഫിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു ബാക്കി തുക അടയ്ക്കാന്‍ കോടതി ഒരു ആഴ്ച സാവകാശം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നു റജിസ്ട്രാര്‍ മുന്‍പാകെ പണം അടച്ചു ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെയാണു മോചന ഉത്തരവു വന്നത്. ഇതിനിടെ ശിക്ഷയുടെ കൂട്ടത്തിലുണ്ടായിരുന്ന 70 അടി നടപ്പാക്കിയതിന്‍റെ രേഖകള്‍ ജയിലില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതു മോചനം വീണ്ടും വൈകിച്ചു. കഴിഞ്ഞ ദിവസം രേഖകള്‍ കണ്ടെത്തി സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജയില്‍ സൂപ്രണ്ട് മോചന ഉത്തരവു നടപ്പാക്കിയത്. സുഹൃത്തായ കായംകുളം സ്വദേശി ചന്ദ്രബാബുവിനു താമസാനുമതി കോപ്പി ഉപയോഗിച്ചു ഫ്ളാറ്റ് വാടകയ്‌ക്കെടുത്തുകൊടുത്തതാണു ബിജുവിനു ദുരിതമായത്.അമിത വൈദ്യുതോപയോഗം, ഫ്ളാറ്റിനുള്ളില്‍ അനധികൃത നിര്‍മാണം എന്നിവ നടത്തിയ ചന്ദ്രബാബു കടന്നുകളഞ്ഞതിനെ തുടര്‍ന്ന് 2005 സെപ്റ്റംബര്‍ അഞ്ചിനു ബിജു കസ്റ്റഡിയിലായി. തനിക്കെന്ന പേരില്‍ സുഹൃത്തിനു ഫ്ളാറ്റ് വാടകയ്‌ക്കെടുത്തു കൊടുത്തതു വിശ്വാസവഞ്ചനയാണെന്നു കണ്ടെത്തിയ കോടതി നാലുമാസം തടവും 1,14,000 റിയാല്‍ നഷ്ടപരിഹാരവും വിധിക്കുകയായിരുന്നു. ലത്തീഫ് തെച്ചി നടത്തിയ മധ്യസ്ഥശ്രമങ്ങളില്‍ നഷ്ടപരിഹാരം 50,000 റിയാലായി കുറയ്ക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതോടെയാണു കേസ് വീണ്ടും കോടതി പരിഗണനയ്‌ക്കെടുത്തത്.