മലയാളിയുടെ കൊല: ദുബായില്‍ മലയാളിക്ക് വധശിക്ഷ
- Last Updated on 28 April 2012
- Hits: 4
ദുബായ്: മലയാളി അക്കൗണ്ടന്‍റിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ക്ക് ദുബായ് കോടതി വധശിക്ഷ വിധിച്ചു. ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
വേലൂര്‍ ചാരമംഗലം സി.കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍
തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനാണ് (35) ശിക്ഷ.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് ദുബായ് കരാമ ഫയര്‍സ്റ്റേഷനടുത്തുള്ള താമസസ്ഥലത്ത് ശശികുമാര്‍ കൊല്ലപ്പെട്ടത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കത്തിയും ചുറ്റികയും കണ്ടെടുത്തു.
കൊലനടക്കുന്ന ദിവസം ശശികുമാര്‍ താമസസ്ഥലത്ത് തനിച്ചായിരുന്നു. ശശികുമാര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഡ്രൈവറായിരുന്ന നവാസ് ഇവിടെയെത്തി 45,000 ദിര്‍ഹം ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടു. കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊലനടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.