10May2012

You are here: Home NRI റിക്രൂട്ട്‌മെന്റിന് എംബസികള്‍ വഴി ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപ്പാക്കുന്നു

റിക്രൂട്ട്‌മെന്റിന് എംബസികള്‍ വഴി ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപ്പാക്കുന്നു

മനാമ: ഗള്‍ഫില്‍ തൊഴില്‍ നേടുന്നതിന് ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപ്പിലാക്കുന്നു. ഇതനുസരിച്ച് അതതുരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനിലൂടെ അറ്റസ്റ്റു ചെയ്ത് അംഗീകാരം നേടിയശേഷം മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യ വിടാനാകൂ. 

തുടക്കത്തില്‍ യു.എ.ഇ.യിലും പിന്നീട് മറ്റു രാജ്യങ്ങളിലും നടപ്പാക്കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസിനു ശേഷം വാര്‍ത്താലേഖകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിയില്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനകം അവിടെയും ഇതു നടപ്പാക്കാനാണ് ആലോചന. തുടര്‍ന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാകും. പ്രാബല്യത്തില്‍വന്നുകഴിഞ്ഞാല്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പുകളും കുറയും. 

ഇന്ത്യയിലെ വിദഗ്ധ-അവിദഗ്ധ മേഖലയിലേക്കുള്ള എല്ലാ റിക്രൂട്ട്‌മെന്റുകള്‍ക്കും ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കും. സ്‌പോണ്‍സര്‍ക്ക് തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടതിലേക്കായി ഒരു തവണ മാത്രമേ എംബസിയില്‍ വരേണ്ടതുള്ളൂ. നീതിപൂര്‍വകമായ റിക്രൂട്ട്‌മെന്റ് നടപ്പാക്കാനാകുന്ന ഈ നിയമം പ്രാബല്യത്തിലായാല്‍ തൊഴില്‍രംഗത്തെ ചൂഷണം ഒരു പരിധിവരെ തടയാനാകുമെന്നും അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ പിടിച്ചുവെക്കുന്ന നിലപാടു മാറ്റാനും വഴി കണ്ടെത്തേണ്ടതുണ്ട്. പാസ്‌പോര്‍ട്ട് സൂക്ഷിക്കേണ്ടത് പാസ്‌പോര്‍ട്ടിന്റെ ഉടമതന്നെയാവണമെന്നിരിക്കെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ സ്‌പോണ്‍സര്‍ക്ക് അവകാശമില്ല. എന്നാല്‍ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും ഇനിയും ഇത് പ്രാവര്‍ത്തികമാക്കാനായിട്ടില്ല. 

കുറഞ്ഞ പക്ഷം പാസ്‌പോര്‍ട്ടിന്റെ കോപ്പിയെങ്കിലും സൂക്ഷിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഏതുതരത്തില്‍ ഒരു പോംവഴി കണ്ടെത്താനാകുമെന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും അംബാസഡര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അബുദാബിയില്‍ കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ ഗള്‍ഫിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും വിഷയമായെന്ന് ഡോ. മോഹന്‍കുമാര്‍ വ്യക്തമാക്കി. 

എല്ലാമാസവും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ഹൗസിനെ മന്ത്രി പ്രശംസിച്ചുവെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

Newsletter