പ്രവാസി പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു -ഡോ. കെ.എസ്. മനോജ്
- Last Updated on 10 May 2012
- Hits: 6
മസ്കറ്റ്: പ്രവാസി ഇന്ത്യക്കാരുടെ അവസ്ഥ മനസ്സിലാക്കി നിലപാടുകളും നയങ്ങളും രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് തെറ്റു പറ്റിയെന്ന് മുന്‍ എം.പി.യും കെ.പി.സി.സി. അംഗവുമായ ഡോ.കെ.എസ്. മനോജ് പറഞ്ഞു.
പ്രവാസി പ്രശ്നങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യപ്പെടാത്തതും
ക്ഷേമപദ്ധതികള്‍ക്ക് കാലതാമസം വരുന്നതുമാണ് കാരണം. എം.പി.യായിരുന്നപ്പോഴും കെ.പി.സി.സി. അംഗമെന്ന നിലയിലും ബോധ്യപ്പെട്ട കാര്യമാണിത്. മസ്കറ്റില്‍ ജോലി ആവശ്യാര്‍ഥം എത്തിയ അദ്ദേഹം കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി.യില്‍ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ വിദേശ കാര്യവകുപ്പിന്റെ പാര്‍ലമെന്റ് സ്ഥിരം സമിതി എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ ഈ അജ്ഞതയെ സൂചിപ്പിക്കുന്നു. ഇടുങ്ങിയ ചിന്ത എന്നു മാത്രമേ ഇതിനെ വിലയിരുത്താനാകൂ. പലപ്പോഴും നാട്ടിലുള്ളവരേക്കാള്‍ കൂടുതല്‍ രാഷ്ട്രീയാവബോധം പുലര്‍ത്തുന്നവരാണ് പ്രവാസികള്‍ എന്നാണ് സോഷ്യല്‍ മീഡിയകളിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍നിന്ന് മനസ്സിലാക്കിയിട്ടുള്ളത്.
പാര്‍ട്ടി വിട്ടുപോകുന്നവരോട് തികഞ്ഞ അസഹിഷ്ണുതയോടെയാണ് സി.പി.എം. പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പാര്‍ട്ടിയില്‍ നൂറുക്കണക്കിനാളുകള്‍ രാജിവെക്കുന്നുണ്ട്. അവരൊന്നും പ്രശസ്തരല്ലാത്തതുകൊണ്ട് പുറത്തറിയുന്നില്ല. രാജിവെച്ചവരെ പുറത്താക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. തന്നെ ശാരീരികമായി അപായപ്പെടുത്തിയില്ലെങ്കിലും ജനാധിപത്യ പകപോക്കലിന് ശ്രമിച്ചു. വ്യാജ പരാതി നല്കി വോട്ടര്‍പട്ടികയില്‍നിന്ന് പേരു വെട്ടി മാറ്റിച്ചു. സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതുള്‍പ്പെടെയുള്ള ഭീഷണികള്‍ സി.പി.എം. വിട്ടവര്‍ നേരിടുന്നുണ്ട്. പുറത്തുപോയവരെ വര്ഗശത്രുവായാണ് പാര്‍ട്ടി കാണുന്നത്.
അവസാനത്തെ ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്. ആലപ്പുഴ മേഖലയില്‍ നിരവധി പേര് സി.പി.എം. വിടുന്നുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കാതെ അനുഭാവിയായി തുടരാമെന്നറിയിക്കുന്നവരും നിരവധിയുണ്ട്.
കേരളത്തില്‍ മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഞ്ചാം മന്ത്രി വിവാദത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരസ്പരം ഇടപെടലുകളില്‍ ലക്ഷ്മണരേഖ ആവശ്യമാണ്. ജാതിയും മതവുമെല്ലാം ഘടകമാകാം. എന്നാല്‍ മുഖ്യ ഘടകമാകാന്‍ പാടില്ല. വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന കോണ്‍ഗ്രസ് നേതാക്കള്‍പോലും പരിഗണിക്കപ്പെടുന്നത് ജാതി, മത അടിസ്ഥാനത്തിലാകുന്നുവെന്നത് അനാരോഗ്യകരമാണ്. കഴിഞ്ഞ ഒന്നുരണ്ട് തിരഞ്ഞെടുപ്പുകളില്‍ ഇത്തരം ചിന്തകളും ചര്‍ച്ചകളും ശക്തിപ്പെട്ടുകാണുന്നു.
ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്ന നേതാക്കള്‍ സംഘടനാ അച്ചടക്കം പാലിക്കണം. കോണ്‍ഗ്രസ്സില്‍ അഭിപ്രായ സ്വാതന്ത്ര്യം കൂടുതലുണ്ട്. എന്നാല്‍ പരസ്യ ചര്‍ച്ചകള്‍ പൊതു സമൂഹത്തില്‍ ആശങ്കയ്ക്കിടയാക്കും.