18June2012

You are here: Home National സ്വകാര്യ വിമാനമിടിച്ച് വ്യവസായി മരിച്ചു

സ്വകാര്യ വിമാനമിടിച്ച് വ്യവസായി മരിച്ചു

മീററ്റ്: പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്ന വിമാനമിടിച്ച് ഡല്‍ഹി സ്വദേശിയായ വ്യവസായി മരിച്ചു. ന്യൂഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുന്ന യോഗേഷ് ഗാര്‍ഗാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ പര്‍താപുര്‍ വ്യോമതാവളത്തില്‍ ശനിയാഴ്ച രാവിലെ

പത്തിനാണ്‌സംഭവം. പംഘ് ഏവിയേഷന്‍ ഫൈ്‌ളയിങ് ക്ലബ്ബിന്റെ രണ്ടു സീറ്റുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയരാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ഫോട്ടോയെടുത്ത് നില്‍ക്കുകയായിരുന്ന യോഗേഷ് ഗാര്‍ഗിന്റെ ദേഹത്ത് ചിറകുകളിലൊന്ന് ഇടിക്കുകയായിരുന്നു.

വിമാനത്തിന്റെ ചിറകിനും ഒരു ചക്രത്തിനും കേടുപറ്റി. എങ്കിലും പൈലറ്റ് അനില്‍ ഗുപ്തയും സഹപ്രവര്‍ത്തകന്‍ പുര്‍വിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഭാരം കുറഞ്ഞ വിമാനം പറന്നു പൊങ്ങുന്ന ചിത്രമെടുക്കാന്‍ റണ്‍വേയിലേക്ക് യോഗേഷ് കയറിയതാണ് അപകട കാരണമെന്ന് പംഘ് ഏവിയേഷന്‍ വക്താവ് അനില്‍ ഥാപ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. റണ്‍വേയില്‍ കടന്ന് പടമെടുക്കാന്‍ യോഗേഷിന് ആര് അനുമതി കൊടുത്തു എന്നതാണ് അന്വേഷിക്കുന്നത്.

പംഘ് ഏവിയേഷന് പര്‍താപുര്‍ വ്യോമത്താവളം ഉപയോഗിക്കാന്‍ അനുമതി ഇല്ലെന്നാണ് പ്രഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് നീരജ് ശുക്ല പറഞ്ഞു. എന്നാല്‍, മൂന്ന് നാല് മാസമായി ഇവിടെ പറക്കല്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Newsletter