മമത മന്ത്രിസഭയില്‍നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ്സില്‍ ആലോചന
- Last Updated on 15 June 2012
കൊല്‍ക്കത്ത: പ്രണബ്കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് നിര്‍ദേശം മുഖ്യമന്ത്രി മമതാബാനര്‍ജി തള്ളിയതോടെ കോണ്‍ഗ്രസ് -തൃണമൂല്‍ബന്ധം കൂടുതല്‍ വഷളായി. സംസ്ഥാന മന്ത്രിസഭയില്‍നിന്ന് പിന്‍വാങ്ങുന്നതിനെക്കുറിച്ച് തങ്ങള്‍ ആലോചിക്കുകയാണെന്ന് പി.സി.സി. അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
മമതയുടെ മന്ത്രിസഭയില്‍ ഇനിയും തുടര്‍ന്നിട്ട് കാര്യമില്ല. ഇക്കാര്യം സംസ്ഥാനനേതൃത്വം ചര്‍ച്ചചെയ്ത ശേഷം ഹൈക്കമാന്‍ഡിന്റെ അനുമതി തേടും. മമതയുടെ കൈയില്‍ വെറും നാലുശതമാനം വോട്ടാണുള്ളത്. അതു വെച്ചാണ് കോണ്‍ഗ്രസിനോട് ഏറ്റുമുട്ടുന്നത്. അതിന് അവര്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ ദുഷ്‌ചെയ്തിക്കുള്ള ഫലം അനുഭവിക്കേണ്ടിവരും-അദ്ദേഹം പറഞ്ഞു.
മമതയുടെ നിലപാട് വിശ്വാസവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ അധീര്‍ രഞ്ജന്‍ചൗധരി അഭിപ്രായപ്പെട്ടു. വ്യക്തി വിദ്വേഷം തീര്‍ക്കാനാണ് മമത ഈ കൊടുംചതി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനത മമതയ്ക്ക് ഒരിക്കലും മാപ്പുകൊടുക്കുകയില്ലെന്നും ചൗധരി പറഞ്ഞു.
ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളിലൊരാളായ പ്രണബിനെ പിന്തുണയ്ക്കാത്തതുവഴി സംസ്ഥാനത്തെ ജനാഭിലാഷത്തെയാണ് അവര്‍ നിരാകരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഒരുകാലത്ത് തന്റെ എതിരാളിയായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പേര് രാഷ്ട്രപതിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതിലൂടെ താന്‍ ബംഗാളി രാഷ്ട്രപതിയാകുന്നതിനോട് യോജിക്കുന്നില്ലെന്ന ശത്രുക്കളുടെ പ്രചാരണത്തിന് മറുപടി കൊടുക്കാനാവുമെന്ന് മമത കരുതുന്നു. സി.പി.എമ്മിനുള്ളില്‍ വിള്ളല്‍ സൃഷ്ടിക്കാനും മമതയുടെ ഈ അടവ് പ്രയോജനപ്പെടുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റാന്‍ കോണ്‍ഗ്രസിന്റെമേല്‍ സമ്മര്‍ദം ചെലുത്താനുള്ള മമതയുടെ അടവാണോ ഈ ചുവടുമാറ്റം എന്ന് വ്യക്തമല്ല.