സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്
- Last Updated on 24 May 2012
ന്യൂഡല്‍ഹി: സമരം നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി ബുധനാഴ്ച നോട്ടീസയച്ചു. നോട്ടീസിന് ജൂലായ് 13-നകം മറുപടി നല്‍കണം. സമരം ചെയ്യുന്ന 67 പൈലറ്റുമാര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നോട്ടീസയച്ചത്.
ജോലിക്ക് തിരിച്ചുകയറിയാല്‍ പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാമെന്ന് വ്യോമയാന മന്ത്രി അജിത് സിങ് അറിയിച്ചു. പുറത്താക്കിയ 101 പൈലറ്റുമാരെ തിരിച്ചെടുത്താല്‍ മന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐ.പി.ജി.) നേരത്തേ അറിയിച്ചിരുന്നു.
സമരം തുടരുന്ന പൈലറ്റുമാര്‍ക്കെതിരെ എയര്‍ ഇന്ത്യ ഹൈക്കോടതിയില്‍ ബുധനാഴ്ച കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. പൈലറ്റുമാരെ സമരത്തില്‍ നിന്ന് വിലക്കി ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് സമരം തുടര്‍ന്നതിനാലാണ് പൈലറ്റുമാര്‍ക്കെതിരെ മാനേജ്‌മെന്‍റ് ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരങ്ങള്‍ നല്‍കിയിട്ടും പൈലറ്റുമാര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.
എയര്‍ ഇന്ത്യയിലെ ഇരുന്നൂറോളം പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് ഈ മാസം ഒമ്പതിനാണ് ഹൈക്കോടതി പറഞ്ഞത്. പത്തു പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കുകയും സമരം നടത്തുന്ന ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡി (ഐ.പി.ജി)ന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്തതിന്റെ പിറ്റേന്നായിരുന്നു ഇത്.
ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം സമരം നടത്തുന്നത്. ഡ്രീംലൈനര്‍ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് എയര്‍ഇന്ത്യ പൈലറ്റുമാരുടെ ആവശ്യം.
തങ്ങളുടെ മുഖ്യ ആവശ്യം ഇപ്പോള്‍ നടപ്പാക്കണമെന്നില്ലെന്നും പൈലറ്റുമാരെ തിരിച്ചെടുക്കുകയാണ് ആദ്യം വേണ്ടതെന്നും ഐ.പി.ജി ജോയന്‍റ് സെക്രട്ടറി തൗസീഫ് മുകദം ബുധനാഴ്ച പറഞ്ഞു. പൈലറ്റുമാരെ തിരിച്ചെടുക്കുകയും ആവശ്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ മതിയെന്നാണ് ഐ.പി.ജി. പറഞ്ഞത്.
പ്രതിദിനം പത്തു കോടിയിലേറെയാണ് പൈലറ്റ് സമരം കാരണം എയര്‍ ഇന്ത്യയുടെ നഷ്ടം. മെയ് എട്ടിനാണ് സമരം തുടങ്ങിയത്. തിങ്കളാഴ്ച വ്യോമയാന മന്ത്രി അജിത് സിങ് എയര്‍ ഇന്ത്യയിലെ 13 യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. പുറത്താക്കിയ 71 പൈലറ്റുമാരെ തിരിച്ചെടുക്കണമെന്നതായിരുന്നു യൂണിയനുകളുടെ ആവശ്യങ്ങളിലൊന്ന്. എന്നാല്‍ 30 പൈലറ്റുമാരെ കൂടി പിരിച്ചുവിടുകയാണ് മാനേജ്‌മെന്‍റ് ചെയ്തത്.