29June2012

You are here: Home National 31-ന് ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി

31-ന് ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് 31-ന് പ്രതിപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. മുഖ്യ പ്രതിപക്ഷ സഖ്യമായ എന്‍.ഡി.എ.യുടെ കണ്‍വീനര്‍ ശരത് യാദവാണ് ഇതറിയിച്ചത്. ഇടതുപാര്‍ട്ടികളും അന്ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുകൂട്ടരും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ജെ.ഡി.യു. അധ്യക്ഷന്‍ കൂടിയായ ശരത് യാദവ് പറഞ്ഞു. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ ശേഷം എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നതെന്നും സര്‍ക്കാറിന് ഇതില്‍ പങ്കില്ലെന്നുമുള്ള വാദം കണ്ണില്‍ പൊടിയിടാനുള്ളതാണ്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോഴും സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും എന്തുകൊണ്ട് വില കൂട്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, എന്‍.ഡി.എ. ഭാരത്ബന്ദില്‍ നിന്ന് പിന്മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് എണ്ണക്കമ്പനികള്‍ കൈക്കൊണ്ടതെന്ന് പാര്‍ട്ടിവക്താവ് റഷീദ് അല്‍വി പറഞ്ഞു. ഡോളറിന്റെ വില ക്രമാതീതമായി ഉയര്‍ന്നത് കൊണ്ടാണ് എണ്ണക്കമ്പനികള്‍ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായത്. എന്‍.ഡി.എ. ഈയവസരത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച് ഭാരത് ബന്ദിലേക്ക് തള്ളിയിടരുത് -അദ്ദേഹം പറഞ്ഞു.

Newsletter