രോഗിക്ക് കൈ നഷ്ടപ്പെട്ടു: ഡോക്ടര്‍ 2.75 ലക്ഷം രൂപ നല്‍കണം
- Last Updated on 16 June 2012
ന്യൂഡല്‍ഹി: രക്തം കയറ്റുന്നതിനിടെ രോഗിയുടെ ഞരമ്പുകള്‍ക്ക് തകരാര്‍ പറ്റി കൈമുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ 2.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍.സി.ഡി.ആര്‍.സി.) വിധി.
ഡോക്ടറുടെ ഉപേക്ഷയാണ് പൂനംദേവി എന്ന രോഗിയുടെ വലതുകൈ മുറിച്ചുനീക്കാന്‍ കാരണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇവരെ ചികിത്സിച്ച ബിഹാര്‍ ഛപ്ര സ്വദേശിയായ ഡോ. അമിത ശ്രീവാസ്തവ 2.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീന്‍ ഉത്തരവിട്ടു.
2002 ഡിസംബറിലാണ് പൂനം ദേവി വയറിന് അസുഖമായി ഡോക്ടറെ കാണാനെത്തിയത്. രക്തവും സലൈനും കയറ്റുന്നതിനിടെ ഇവരുടെ ഞരമ്പുകള്‍ തകരാറിലായി അണുബാധയുണ്ടായി. ഇതേത്തുടര്‍ന്നാണ് കൈ മുറിച്ചുനീക്കേണ്ടിവന്നത്.
സംഭവത്തില്‍ കുറ്റക്കാരിയാണെന്നുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെയും സംസ്ഥാന ഉപഭോക്തൃഫോറത്തിന്റെയും വിധിക്കെതിരെയാണ് ഡോക്ടര്‍ ദേശീയ കമ്മീഷനെ സമീപിച്ചത്. ഡോക്ടറുടെ ഹര്‍ജി കമ്മീഷന്‍ തള്ളുകയായിരുന്നു.