വോട്ടുചെയ്താല്‍ ഉടന്‍ രേഖ ലഭിക്കും
- Last Updated on 20 May 2012
ഹൈദരാബാദ്: വോട്ട് ചെയ്തയുടന്‍ ആര്‍ക്കാണെന്ന് രേഖപ്പെടുത്തിയ രശീത് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന സംവിധാനം തിരഞ്ഞെടുപ്പുകമ്മീഷന്‍ നടപ്പാക്കുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വസനീയത സംശയാതീതമായി തെളിയിക്കുന്നതിനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ടുചെയ്തതെന്ന് സ്‌ക്രീനില്‍ സെക്കന്‍ഡുകളോളം തെളിയുകയും ചെയ്യും.
എ.ടി.എം. യന്ത്രങ്ങളില്‍നിന്ന് ഇടപാടിനുശേഷം ലഭിക്കുന്ന രശീത് പോലെയുള്ള രേഖ വോട്ടിങ് യന്ത്രത്തില്‍നിന്ന് ലഭിക്കുന്ന സംവിധാനത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇത് 2014-ന് മുമ്പായി നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷണര്‍ ഹരിശങ്കര്‍ ബ്രഹ്മ പ്രതീക്ഷ പ്രകടിപ്പിച്ചു. ആന്ധ്രയില്‍ 18 നിയമസഭാമണ്ഡലങ്ങളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 12നാണ് തിരഞ്ഞെടുപ്പ്. 15ന് ഫലമറിയും.