29June2012

You are here: Home National ഹംപി എക്‌സ്പ്രസ് ചരക്കുവണ്ടിയിലിടിച്ച് 25 മരണം

ഹംപി എക്‌സ്പ്രസ് ചരക്കുവണ്ടിയിലിടിച്ച് 25 മരണം

ഹൈദരാബാദ്/ബാംഗ്ലൂര്‍: ഹുബ്ലിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ഹംപി എക്‌സ്പ്രസ് ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിച്ച് 25 പേര്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 പേരുടെ നില ഗുരുതരമാണ്. 

എക്‌സ്പ്രസ് വണ്ടിയുടെ ലോക്കോപൈലറ്റ് സിഗ്‌നല്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാംഗ്ലൂരില്‍ നിന്ന് 144 കിലോമീറ്ററകലെ പെനുകൊണ്ട റെയില്‍വേസ്റ്റേഷനടുത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.15 ഓടെയാണ് അപകടം. ചരക്കുവണ്ടിയുടെ പിന്നില്‍ ഇടിച്ചുകയറിയ ഹംപി എക്‌സ്പ്രസ്സിന്റെ നാലു ബോഗികള്‍ പാളം തെറ്റി. എന്‍ജിനോട് ചേര്‍ന്നുള്ള ലേഡീസ് കോച്ചിന് തീപിടിച്ചു. ഈ ബോഗിയിലുണ്ടായിരുന്ന 16 സ്ത്രീകള്‍ വെന്തുമരിച്ചു. നാലു കുട്ടികളും മരിച്ചവരിലുള്‍പ്പെടുന്നു. ലേഡീസ് കോച്ച് പൂര്‍ണമായും കത്തിനശിച്ചു. മൂന്നാമത്തെ കമ്പാര്‍ട്ട്‌മെന്‍റ് ഭാഗികമായി കത്തി.

മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്. എന്‍ജിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പരിക്കേറ്റ ലോക്കോപൈലറ്റ് അബോധാവസ്ഥയില്‍ ആസ്പത്രിയിലാണ്. രാവിലെ 6.10-ന് ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെത്തേണ്ട വണ്ടിയാണിത്. ബാംഗ്ലൂരിലെത്താന്‍ മൂന്നുമണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടം.

അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അഗ്‌നിശമനസേനക്കാരും പോലീസും റെയില്‍വേ തൊഴിലാളികളും ചേര്‍ന്ന് തീയണച്ചു. ബോഗികള്‍ ഗ്യാസ് കട്ടറും മറ്റുമുപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ പെനുകോണ്ട, ഹിന്ദ്പുര്‍, അനന്തപുര്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

ഹുബ്ലി, ഹൊസ്‌പെട്ട് ഭാഗങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും. റെയില്‍വേ മന്ത്രി മുകുള്‍ റോയിയും സഹമന്ത്രി കെ.എച്ച്. മുനിയപ്പയും അപകടസ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷവും ചെറിയ പരിക്കുള്ളവര്‍ക്ക് അരലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി മുകുള്‍ റോയ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഒരു ലക്ഷവും പരിക്കേറ്റവര്‍ക്ക് 25000 രൂപയും പ്രഖ്യാപിച്ചു.

അപകടത്തെക്കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (ദക്ഷിണമേഖല) അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 

അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടിഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. എട്ട് ബസ്സുകളിലായി യാത്രക്കാരെ ബാംഗ്ലൂരിലെത്തിച്ചു. ഇതിനായി ഇതുവഴിയുള്ള രാജധാനി, ഉദയന്‍ എക്‌സ്പ്രസ് വണ്ടികള്‍ പെനുകൊണ്ട സ്റ്റേഷനില്‍ നിര്‍ത്തി.

ഹംപി എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റ് സിഗ്‌നല്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് റെയില്‍വേ വക്താവ് അനില്‍ സകേ്‌സന ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ സിഗ്‌നല്‍ സംവിധാനത്തിന്റെ പിഴവാണ് അപകടകാരണമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

Newsletter