ഹംപി എക്‌സ്പ്രസ് ചരക്കുതീവണ്ടിയിലിടിച്ച് 16 മരണം
- Last Updated on 22 May 2012
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹംപി എക്‌സ്പ്രസ് ചരക്കുതീവണ്ടിയിലിടിച്ച് 16 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. 16591 നമ്പര്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ
പിന്നിലിടിക്കുകയായിരുന്നു. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും.
പുലര്‍ച്ചെ 3.25നാണ് അപകടമുണ്ടായത്. ചരക്കുതീവണ്ടിയിലിടിച്ച ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഇതില്‍ എഞ്ചിനോട് ചേര്‍ന്ന ഒരു ബോഗിയ്ക്ക് തീപിടിച്ചു. സിഗ്നല്‍ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.