29June2012

You are here: Home National സ്ത്രീവിരുദ്ധപരാമര്‍ശം: സിദ്ധാര്‍ഥ് മല്യയ്‌ക്കെതിരെ നോട്ടീസ്

സ്ത്രീവിരുദ്ധപരാമര്‍ശം: സിദ്ധാര്‍ഥ് മല്യയ്‌ക്കെതിരെ നോട്ടീസ്

ന്യൂഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റ്താരം അപമാനിച്ചെന്ന് പരാതിപ്പെട്ട യുവതിയെക്കുറിച്ച് ട്വിറ്ററില്‍ മോശമായി എഴുതിയ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ഡയറക്ടര്‍ സിദ്ധാര്‍ഥ്മല്യയ്‌ക്കെതിരെ അപകീര്‍ത്തി നോട്ടീസ്.

അമേരിക്കക്കാരിയായ സൊഹാല്‍ ഹമീദാണ് നോട്ടീസയച്ചത്. ഡല്‍ഹി

വനിതാകമ്മീഷന് പരാതി നല്‍കിയിട്ടുമുണ്ട്. സിദ്ധാര്‍ഥ് മല്യ നിരുപാധികം മാപ്പുപറയണമെന്ന് സൊഹാല്‍ ഹമീദ് ആവശ്യപ്പെട്ടു. അതിനിടെ യുവതിയെ അപമാനിച്ചെന്ന് ആരോപണവിധേയനായ ഓസീസ് ക്രിക്കറ്റ് താരം ലൂക്ക് പോമേഴ്‌സ്ബാക്കിന് കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ടീമംഗമായ പോമേഴ്‌സ്ബാക്കിനെ അനുകൂലിച്ചും യുവതിക്കെതിരെയുമാണ് ട്വിറ്ററില്‍ സിദ്ധാര്‍ഥ് മല്യ അഭിപ്രായപ്രകടനം നടത്തിയത്. ഇത് തങ്ങളെ അമ്പരപ്പിച്ചതായി വനിതാകമ്മീഷന്‍ അധ്യക്ഷ ബര്‍ഖാ സിങ് പറഞ്ഞു. തിങ്കളാഴ്ച നോട്ടീസ് നല്‍കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. 

സൊഹാല്‍ ഹമീദ് എന്ന അമേരിക്കന്‍ യുവതിയും അവരുടെ സുഹൃത്ത് സാഹിലുമാണ് പോമേഴ്‌സ്ബാക്കിനെതിരെ ആരോപണമുയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം പോമേഴ്‌സ്ബാക്കിനെ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇയാള്‍ക്ക് പിന്നീട് താത്കാലികജാമ്യം ലഭിച്ചു. ചെവിക്ക് സാരമായി പരിക്കേറ്റ സാഹില്‍ പ്രൈമസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. 

സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് : ''അദ്ദേഹം (പോമേഴ്‌സ്ബാക്ക്) തന്റെ കാമുകനെ ആക്രമിച്ചു എന്ന് അവള്‍ പറയുന്നു. (പിന്നീട് ചീത്ത വാക്കുകള്‍.) കഴിഞ്ഞ രാത്രി അവള്‍ എന്നോടൊപ്പമായിരുന്നു. എന്നോട് എന്റെ ബ്ലാക്ക്‌ബെറി മെസ്സഞ്ചറിന്റെ പിന്‍ അവള്‍ ചോദിച്ചു. ഭാവിയില്‍ ഭാര്യയാകാന്‍ പോകുന്ന ഒരാളെപ്പോലെയല്ല അവള്‍ പെരുമാറിയത്.''

മദ്യരാജാവ് വിജയ്മല്യയുടെ മകനാണ് സിദ്ധാര്‍ഥ് മല്യ. ട്വിറ്ററിലെ പരാമര്‍ശങ്ങള്‍ പ്രകോപനത്തിനിടയാക്കിയിട്ടുണ്ട്. ''ഒരു സ്ത്രീയെ അപമാനിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. അയാള്‍ ചെറുപ്പക്കാരനാണ്. അമ്മയെപ്പൊലെ ഞാന്‍ അയാള്‍ക്ക് ഉപദേശം നല്‍കുകയാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം''- കോണ്‍ഗ്രസ് വക്താവ് രേണുകാചൗധരി പറഞ്ഞു. 

ഇതിനിടെ താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടി ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി പയറ്റുന്ന അടവാണിതെന്നും ലൂക്ക് പോമേഴ്‌സ്ബാക്ക് കോടതിക്കുപുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം നടന്ന മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലെ തത്സമയ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ചിത്രങ്ങളും സ്ത്രീയുടെയും അവരുടെ സുഹൃത്തിന്റെയും പരിക്കുകളെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി പോമേഴ്‌സ്ബാക്കിന് ജാമ്യം അനുവദിച്ചുവെങ്കിലും പാസ്‌പോര്‍ട്ട് പോലീസിനെ ഏല്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം വിട്ടുപോകുന്നത് തടയുകയും ചെയ്തു. 

Newsletter