ക്വത്‌റോച്ചിയെ രക്ഷിക്കാനുള്ള നീക്കം രാജീവ് തടഞ്ഞില്ലെന്ന് വെളിപ്പെടുത്തല്‍
- Last Updated on 26 April 2012
ന്യൂഡല്‍ഹി: ബൊഫോഴ്‌സ് ഇടപാടില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയതായി തെളിവില്ലെന്ന് സ്വീഡനിലെ മുന്‍ പോലീസ് മേധാവി സ്റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. അതേസമയം, കോഴക്കേസില്‍നിന്ന് ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോച്ചിയെ രക്ഷിക്കാനുള്ള നീക്കം തടയാന്‍ രാജീവ്ഗാന്ധി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബൊഫോഴ്‌സ് ഇടപാടിലെ
ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ചിത്രാ സുബ്രഹ്മണ്യന് കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എ.ഇ. സര്‍വീസസ് എന്ന കമ്പനിവഴി ക്വത്‌റോച്ചിയുടെ അക്കൗണ്ടിലേക്ക് കോഴപ്പണം എത്തിയിരുന്നു. സ്വീഡനിലെയോ സ്വിറ്റ്‌സര്‍ലന്‍ഡിലെയോ അധികൃതര്‍ ക്വത്‌റോച്ചിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിച്ചിരുന്നില്ല. ബോളിവുഡ് താരം അമിതാഭ് ബച്ചനെ ബൊഫോഴ്‌സ് കേസില്‍ തെറ്റായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ 1990ല്‍ സ്വീഡനിലേക്ക് നടത്തിയ യാത്രയിലാണ് ബച്ചന്റെ പേര് പരാമര്‍ശിച്ചത്.
ബൊഫോഴ്‌സ് ഇടപാടിലെ അന്വേഷണം ഇന്ത്യയിലേക്ക് നീങ്ങിയതെങ്ങനെയെന്ന് ലിന്‍ഡ്‌സ്‌ട്രോം വ്യക്തമാക്കുന്നുണ്ട്. തികച്ചും യാദൃച്ഛികമായിരുന്നു അത്. ബൊഫോഴ്‌സിന്റെയും അവരുടെ ഉദ്യോഗസ്ഥരുടെയും സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സ്വിസ് ബാങ്കുകളിലേക്കുള്ള ഒരുകൂട്ടം രേഖകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഗുണഭോക്താവിന്റെ പേര് വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള രേഖകളായിരുന്നു അത്.
പണമിടപാട് നിയമാനുസൃതമാണെങ്കില്‍ പേര് വെളിപ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ ബൊഫോഴ്‌സിന് മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ത്യയിലേക്ക് നയിക്കുന്ന കൂടുതല്‍ക്കൂടുതല്‍ രേഖകള്‍ കണ്ടെത്തിയതായി ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു.
ബൊഫോഴ്‌സ് ഇടപാട് മാധ്യമങ്ങളിലൂടെ വന്നതിന്റെ 25-ാം വാര്‍ഷികമാണിപ്പോള്‍.
നല്ല സമയമാണിതെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നും ലിന്‍ഡ്‌സ്‌ട്രോം പറയുന്നു. അതിനിടെ ബൊഫോഴ്‌സ് കേസ് അടഞ്ഞ അധ്യായമാണെന്നും അത് ഇനി ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. രാജീവ്ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നവര്‍ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ ക്വത്‌റോച്ചിയെ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 1986-ല്‍ സ്വിസ് ആയുധക്കമ്പനിയായ ബൊഫോഴ്‌സിന്റെ തോക്കുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.