11March2012

You are here: Home Kerala Kozhikode കോഴിക്കോട് പാളയത്ത് വന്‍ അഗ്നിബാധ

കോഴിക്കോട് പാളയത്ത് വന്‍ അഗ്നിബാധ

കോഴിക്കോട്: നഗരത്തിലെ പാളയം മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം. ശനിയാഴ്ച രാവിലെ ഏഴിനാണ് പാളയത്തെ ഹോട്ടലിന്റെ അടുക്കളയില്‍ തീപ്പിടിത്തം ഉണ്ടായത്. തൊട്ടടുത്ത കടകളിലേക്ക് ഉടന്‍ തീ പടര്‍ന്നു. തീ കെടുത്തുന്നതില്‍ അഗ്നിശമനസേന വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ചിലര്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടറെ തടഞ്ഞു.

രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. തുടര്‍ന്ന് വെള്ളം നിറയ്ക്കാന്‍ ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തുനിന്നും പോയി. ഏറെ നേരം കഴിഞ്ഞിട്ടും അവ തിരിച്ചെത്താഞ്ഞതില്‍ പ്രതിഷേധിച്ചാണ് ചിലര്‍ ജില്ലാ കളക്ടര്‍ പി.ബി സലീമിനെ തടഞ്ഞത്. പാളയത്തെ സര്‍ക്കാര്‍ ആസ്പത്രിക്കും പെട്രോള്‍ പമ്പിനും സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ദീര്‍ഘനേരം തടസപ്പെട്ടു.

എട്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍ എന്‍ജിനും തീ കെടുത്താനെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ക്ക് പൊള്ളലേറ്റു. കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, ജില്ലാ കളക്ടര്‍ പി.ബി സലിം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Newsletter