അനൂപ് ജേക്കബിന് വന്‍ വിജയം: ഭൂരിപക്ഷം 12,070
- Last Updated on 21 March 2012
കൊച്ചി: രാഷ്ട്രീയ കേരളം കണ്ണടയ്ക്കാതെ കാത്തിരുന്ന പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച് കൊണ്ട് 12,070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അനൂപ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് ടി.എം.ജേക്കബിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് തന്റെ
കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷവുമായി പിറവത്തിന്റെ ജനപ്രതിനിധിയാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ നേടിയ മുന്നേറ്റം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് പിന്നീട് ഒരു ഘട്ടത്തിലും ലീഡ് നേടാനായില്ല.
തുടക്കത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് മുന്‍തൂക്കമുണ്ടായിരുന്നു. അതിന് ശേഷം ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. എല്‍.ഡി.എഫ് ക്യാമ്പ് 2000 ത്തോളം വോട്ടിന്റെ ലീഡാണ് ഈ രണ്ട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ചോറ്റാനിക്കരയിലും, തിരുവാങ്കുളത്തേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എം.ജെ ജേക്കബിന് 200 വോട്ടിന്റെ ലീഡ് മാത്രമേ ലഭിച്ചുള്ളൂ.
അതോടെ എല്‍.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ കൈവിട്ടു. അതിന് ശേഷം കണ്ടത് യു.ഡി.എഫിന്റെ മുന്നേറ്റമായിരുന്നു. മുളന്തുരുത്തി പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് സ്വന്തമാക്കിയ അനൂപ് പിന്നീട് അത് ക്രമേണ ഉയര്‍ത്തുകയായിരുന്നു. ആമ്പല്ലൂരിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് 5000 ത്തിലേക്ക് ഉയര്‍ന്നു. പിറവവും, തിരുമാറാടിയും എണ്ണിയപ്പോള്‍ അനൂപിന്റെ ലീഡ് കുതിക്കുകയായിരുന്നു. ഇലഞ്ഞി പഞ്ചായത്തിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ ഭൂരിപക്ഷം പതിനായിരത്തിന് മേലെയായി. പിതാവ് ടി.എം ജേക്കബിന് മണ്ഡലത്തില്‍ ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷമായി 12,720 കടക്കുമോ എന്ന് തോന്നിച്ചു. എന്നാല്‍ അവസാന പഞ്ചായത്തായ കൂത്താട്ടുകുളം എണ്ണിക്കഴിഞ്ഞപ്പോള്‍ 12,070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവസാനിച്ചു.
മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ തിരുവാങ്കുളം പഞ്ചായത്തിലെ ഒന്ന് മുതല്‍ 12 വരെയുള്ള വാര്‍ഡുകളിലെ വോട്ടാണ് എണ്ണിയത്. ലോകമെമ്പാടുമുള്ള മലയാളികള്‍ പിറവത്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയായിരുന്നു. കേരളം കണ്ടതില്‍ ഏറ്റവും വാശിയുള്ള ഉപ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്. 1,58,055 പേരാണ് പിറവത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളും സമ്മതിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങിയത്. നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിന് പിറവത്ത് സീറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത് യു.ഡി.എഫിന് ആശ്വാസം നല്‍കുന്നുണ്ട്.
പിറവം നിലനിര്‍ത്തിയതോടെ യു.ഡി.എഫിന്റെ നിയമസഭയിലെ അംഗബലം 72 ആയി. പ്രതിപക്ഷത്ത് 67 പേരും. ഇനി അടുത്ത അങ്കം നെയ്യാറ്റിന്‍കരയില്‍. ശെല്‍വരാജിന്റെ രാജിയെ തുടര്‍ന്നുണ്ടാകുന്ന ഒഴിവില്‍ ആറ് മാസത്തിനിടെ അവിടെ തിരഞ്ഞെടുപ്പ് നടക്കും