മുല്ലപ്പെരിയാര്‍ ; ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- Last Updated on 25 April 2012
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാമെന്നും തമിഴ്‌നാടിന് വെള്ളംകൊണ്ടുപോകാന്‍ പ്രത്യേക ടണല്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനയുണ്ട്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസം നാലാം തിയതിക്കുശേഷം സുപ്രീം കോടതി
പരിഗണനക്കെടുക്കും.
പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനിലെ വിദഗ്ദ്ധര്‍ ഡാമില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് സുര്‍ക്കിസാമ്പിള്‍ ശേഖരിച്ചു നടത്തിയ ബലപരിശോധനയുടെ വിശകലന റിപ്പോര്‍ട്ട് നേരത്തെ ലഭ്യമായിരുന്നില്ല. ഇതുകൂടി ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍, കേന്ദ്രജലക്കമ്മീഷന്‍ എന്നീ ഏജന്‍സികളിലെ വിദഗ്ദ്ധരാണ് ഉന്നതാധികാര സമിതിക്കുവേണ്ടി മുല്ലപ്പെരിയാര്‍ ഡാമില്‍ 12 ഓളം പരിശോധനകള്‍ നടത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 19ന് ചേര്‍ന്ന യോഗത്തില്‍ റിപ്പോര്‍ട്ടിലെ ആറ് അധ്യായങ്ങള്‍ക്ക് കരട് രൂപമായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം, അതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസ്സുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം എന്നിവയാണിതിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഡാമിന്റെ സുരക്ഷ, ബലപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് പഠനം നടത്താന്‍ ഉന്നതാധികാര സമിതി നിയോഗിച്ച കമ്മിറ്റികളുടെ 11 റിപ്പോര്‍ട്ടുകള്‍ മാര്‍ച്ചിലെ യോഗത്തില്‍ സമിതി പരിശോധിച്ചിരുന്നു. ഏപ്രില്‍ 30ന് സമിതിയുടെ കാലാവധി അവസാനിക്കുമെന്നതിനാലാണ് ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.