പാടില്ലാത്തത് സംഭവിച്ചു; കുറ്റസമ്മതം നടത്തുന്നുവെന്ന് യു.ഡി.എഫ്
- Last Updated on 26 April 2012
- Hits: 9
തിരുവനന്തപുരം: അഞ്ചാം മന്ത്രികാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് യു.ഡി.എഫ്. മുന്നണിയിലെ ഘടകകക്ഷികള്‍ കുറച്ചുകൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ പിഴവുകള്‍ സംഭവിച്ചു. ആ തെറ്റുകള്‍ ഏറ്റുപറയുന്നു. ജനങ്ങളുടെ മുമ്പില്‍ കുറ്റം ഏറ്റുപറഞ്ഞ് തുടര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. യു. ഡി. എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ
പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് മുന്നണിക്ക് സംഭവിച്ച തെറ്റുകള്‍ ഏറ്റുപറഞ്ഞത്. മുന്നണിയിലെ മറ്റ് കക്ഷികളുടെയും നേതാക്കള്‍ പങ്കെടുത്ത പത്രസമ്മേളനമായിരുന്നു വേദി.
''യു. ഡി. എഫിലുണ്ടായ ചില പ്രശ്‌നങ്ങളില്‍ എല്ലാവര്‍ക്കും പ്രയാസമുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉണ്ടാകണമെന്ന് ആഗ്രഹിച്ച കാര്യങ്ങളല്ല ഉണ്ടായത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവ ഉണ്ടായി''. ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞ് പൂര്‍ണമായ ധാരണയിലെത്തിയെന്നും തീരുമാനങ്ങള്‍ എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില പിഴവുകള്‍ തങ്ങള്‍ക്ക് സംഭവിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റം സമ്മതിക്കുന്നു.
ലീഗിനുണ്ടായ കാര്യങ്ങള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അങ്ങനെയൊക്കെ സംഭവിക്കണമെന്ന് ഉദ്ദേശിച്ചതല്ല. എന്നാല്‍ അവ സംഭവിച്ചുപോയതാണ്. അതില്‍ ഖേദമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ബന്ധമായതാണ്. അതിന് ഉലച്ചില്‍ തട്ടരുതെന്ന് നിര്‍ബന്ധമുണ്ട്. കാലം തെളിയിച്ച ബന്ധമാണ് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ളത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിറവത്ത് യു.ഡി.എഫില്‍ ഉണ്ടായ ഐക്യമാണ് വമ്പിച്ച വിജയം നല്‍കിയതെന്ന ബോധ്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാമൂഹ്യ സംഘടനകള്‍ ഉന്നയിക്കുന്ന വിമര്‍ശങ്ങളിലെ ശരി ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനത്തില്‍ തെറ്റുണ്ടെങ്കില്‍ അത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. എന്‍.എസ്.എസിന്റെ വിമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം മെയ് 18 മുതല്‍ 25 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാഷ്ട്രീയ യോഗങ്ങളും വികസന പ്രവര്‍ത്തനങ്ങളും തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും നടത്തും. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.