ഒഡീഷ എം.എല്‍.എയെ മോചിപ്പിക്കും
- Last Updated on 25 April 2012
ഭൂവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ബിജു ജനതാദള്‍ എം.എല്‍.എ ജിന ഹികാകിയെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. കോരാപുട് ജില്ലയിലെ നാരായണ്‍ പട്‌നയില്‍ നടത്തിയ മാവോയിസ്റ്റുകളുടെ ജനകീയ കോടതിയാണ് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാരായണ്‍ പട്‌നയില്‍ നടത്തുന്ന ജനകീയ കോടതി എം.എല്‍.എ.യുടെ വിധി തീരുമാനിക്കുമെന്നാണ് മാവോവാദികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 24നാണ് എം.എല്‍.എ.യെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. 29 തടവുകാരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. 25 തടവുകാരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മാവോവാദികള്‍ വഴങ്ങിയിരുന്നില്ല.
തങ്ങള്‍ക്കെതിരായ നടപടി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വീണ്ടും ശക്തമായി സംഘടിക്കാനുള്ള ശ്രമം മാവോവാദികള്‍ തുടങ്ങിയതായി സുരക്ഷാകേന്ദ്രങ്ങള്‍ സൂചനനല്‍കിയിട്ടുണ്ട്. ഇത് ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ നക്‌സലുകള്‍ക്ക് കരുത്തുപകരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നാരായണ്‍ പട്‌ന മേഖല സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പാടെ ഒറ്റപ്പെട്ട നിലയിലാണ്.