അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ഒബാമ
- Last Updated on 03 May 2012
- Hits: 2
കാബൂള്‍: അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ഉസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഫ്ഗാനിസ്താനില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ഒബാമ മടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍
കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
കാബൂളില്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ കൊട്ടാരം സന്ദര്‍ശിച്ച ഒബാമ തന്ത്രപ്രധാന സൗഹൃദക്കരാര്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങള്‍ക്കും ചരിത്രനിമിഷമാണ് ഇതെന്നാണ് ഒബാമ വിശേഷിപ്പിച്ചത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്കു മുമ്പായാണ് കരാര്‍ ഒപ്പുവെച്ചത്.
അഫ്ഗാനിസ്താനിലെ സൈനിക കേന്ദ്രത്തില്‍ നിന്നു നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലാണ് സൈനിക നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളം യുദ്ധഭീതിയിലാണ് അമേരിക്കക്കാര്‍ സഞ്ചരിച്ചതെന്നും അമേരിക്കയെ പുതുക്കിപ്പണിയാനുള്ള സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തയുടന്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഒബാമ മടങ്ങി. സന്ദര്‍ശനം ആറുമണിക്കൂര്‍ മാത്രമേ നീണ്ടു നിന്നുള്ളൂ.
നാറ്റോ സേന 2014 ല്‍ രാജ്യം വിട്ടാലും ദീര്‍ഘകാലത്തേക്ക് യു.എസും അഫ്ഗാനിസ്താനും തമ്മില്‍ സൗഹൃദം തുടരാന്‍ കരാര്‍ വഴിതെളിക്കും. ഇത് യു.എസ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒബാമയ്ക്കു രാഷ്ട്രീയ നേട്ടമാവുമെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ കാബൂളില്‍ വിദേശികള്‍ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരേയുണ്ടായ രണ്ട് ചാവേറാക്രമണങ്ങളിലാണ് ഏഴു പേര്‍ മരിച്ചത്. ഇതില്‍ നാലുപേര്‍ തൊട്ടടുത്ത സ്‌കൂളിലുണ്ടായിരുന്നവരാണ്. 17 പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് താലിബാന്‍ ഏറ്റെടുത്തു.
അതിനിടെ, ഒബാമ അഫ്ഗാന്‍ വിഷയം കൈകാര്യം ചെയ്ത രീതി അല്‍ഖ്വെയ്ദയെ ശക്തമാക്കാനേ ഉപകരിക്കൂവെന്ന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയാവുന്ന മിറ്റ് റോമ്‌നി കുറ്റപ്പെടുത്തി. അഫ്ഗാനില്‍ താലിബാന്‍ ശക്തി പ്രാപിക്കുന്നത് അമേരിക്കയ്ക്ക് വീണ്ടും ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2001-ല്‍ ആരംഭിച്ച അഫ്ഗാന്‍ യുദ്ധത്തില്‍ ഇതുവരെ 3000-ലധികം വിദേശ സൈനികര്‍ മരിച്ചതായാണ് കണക്ക്.