20February2012

You are here: Home National സംഝോത: നാലിടത്ത് ബോംബ് വെച്ചുവെന്ന് മൊഴി

സംഝോത: നാലിടത്ത് ബോംബ് വെച്ചുവെന്ന് മൊഴി

ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ്സില്‍ 68 പേരുടെ മരണത്തിനിടയാക്കിയ സേ്ഫാടനം തീവ്ര ഹിന്ദു സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) കസ്റ്റഡിയിലുള്ള ആര്‍.എസ്.എസ്. മുന്‍ നേതാവ്

കമല്‍ ചൗഹാനാണ് ഇങ്ങനെ മൊഴി നല്‍കിയത്.

രണ്ട് പേര്‍ വീതമുള്ള രണ്ട് സംഘങ്ങളായി ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തീവ്രവാദികള്‍ നാലു സ്യൂട്ട്‌കേസുകളിലായാണ് ബോംബുകള്‍ സംഝോത എക്‌സ്പ്രസ്സില്‍ വെച്ചത്. ആര്‍.എസ്.എസ്സിന്റെ കൊല്ലപ്പെട്ട നേതാവ് സുനില്‍ ജോഷി 2006 ഏപ്രിലില്‍ ഫരീദാബാദില്‍ നടത്തിയ തോക്കുപരിശീലന ക്യാമ്പില്‍ മറ്റ് ഏഴുപേരോടൊപ്പം പങ്കെടുത്തുവെന്നും കമല്‍ചൗഹാന്‍ എന്‍.ഐ.എ.യോട് സമ്മതിച്ചു. 2006 ആദ്യം മധ്യപ്രദേശിലെ ബാഗ്ലിയില്‍ നടന്ന മറ്റൊരു ആയുധപരിശീലന ക്യാമ്പിലും ചൗഹാന്‍ പങ്കെടുത്തിട്ടുണ്ട്.

സംഝോത സേ്ഫാടനത്തില്‍ ഒരു കുറ്റബോധവും ഇപ്പോഴും ഇല്ലെന്ന നിലപാടിലാണ് ഇയാളെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരത്തില്‍ ആയുധ പരിശീലനം ലഭിച്ച ആദ്യ സംഘത്തില്‍ പെട്ടയാളാണ് താനെന്നാണ് ചൗഹാന്റെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട സുനില്‍ ജോഷി, ഒളിവിലുള്ള രാമചന്ദ്ര കല്‍സംഗ്ര, സന്ദീപ് ദാംഗേ, ജയിലിലുള്ള ലോകേഷ് ശര്‍മ എന്നിവരാണ് ഇത്തരത്തില്‍ പരിശീലനം ലഭിച്ച മറ്റുള്ളവര്‍. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ചൗഹാനെ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി.

2007 ഫിബ്രവരി 15ന് ലോകേഷ് ശര്‍മയുടെ ഫോണ്‍വിളിയെ തുടര്‍ന്നാണ് ഇന്‍ഡോറിലെത്തിയതെന്ന് ചൗഹാന്‍ പറയുന്നു. 'ജോലി ചെയ്യേണ്ട സമയമെത്തി' എന്നാണ് ലോകേഷ് പറഞ്ഞത്. ബോംബുവെക്കുക എന്ന ഉത്തരവാദിത്വമാണ് ലഭിക്കാന്‍ പോകുന്നത് എന്ന് അറിയാമായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. ഇന്‍ഡോറിലെത്തിയപ്പോള്‍ രണ്ട് സ്യൂട്ട് കേസുകളുമായി നില്‍ക്കുന്ന ലോകേഷിനെ കണ്ടു. സ്യൂട്ട്‌കേസുകള്‍ക്ക് സാധാരണ വസ്ത്രങ്ങളടങ്ങിയ സ്യൂട്ട്‌കേസിനേക്കാളും കനമുണ്ടായിരുന്നു. നേരത്തേ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളുമായി ഉടന്‍ തന്നെ അവര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്സില്‍ ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് തിരിച്ചു.

യാത്രയില്‍ പദ്ധതികളെക്കുറിച്ചൊന്നും സംസാരിച്ചില്ല. നിസാമുദ്ദീനില്‍ നിന്ന് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തി. വൈകിട്ട് സംഝോത എക്‌സ്പ്രസ് വന്നപ്പോള്‍ ലോകേഷ് ഒരു കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി ബോംബടങ്ങിയ പെട്ടി അതില്‍ വെച്ച് തിരിച്ചെത്തി. അടുത്ത സ്യൂട്ട്‌കേസ് മറ്റൊരു കമ്പാര്‍ട്ട്‌മെന്‍റില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തുകടന്നു. പ്ലാറ്റ് ഫോമില്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകരെ കണ്ടിരുന്നു. അവര്‍ കുറച്ച് അകലെയായിരുന്നു. അവരുമായി സംസാരിച്ചതേയില്ല. പക്ഷേ, അവര്‍ മറ്റ് രണ്ട് ബോംബുകളുമായി എത്തിയതാണ് എന്നറിയാമായിരുന്നു -ചൗഹാന്‍ മൊഴി നല്‍കി.

ബോംബുകളുമായി എത്തിയ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞതായി എന്‍.ഐ.എ. അവകാശപ്പെട്ടു. എന്നാല്‍ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതിലൊരാള്‍ നാസിക്കില്‍ നിന്നാണെന്ന് സംശയിക്കുന്നു. സ്വാമി അസീമാനന്ദ അഥവാ നാഭ കുമാര്‍ സര്‍കാര്‍, സുനില്‍ ജോഷി, രാമചന്ദ്ര കല്‍സംഗ്ര, സന്ദീപ് ദാന്‍ഗേ, ലോകേഷ് ശര്‍മ എന്നിവരാണ് സംഝോത എക്‌സ്പ്രസ് കേസിലെ പ്രതികള്‍. ചൗഹാന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേസ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.

ബോംബുകള്‍ ലോകേഷിന് കൈമാറിയത് രാമചന്ദ്ര കല്‍സംഗ്രയാണെന്നാണ് ചൗഹാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2007 ഫിബ്രവരി 18നാണ് ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസിലെ 12, 13 കംപാര്‍ട്‌മെന്‍റുകളിലാണ് ബോംബ് സേ്ഫാടനമുണ്ടായത്. മരിച്ച 68 പേരില്‍ ഏറെയും പാകിസ്താന്‍കാരായിരുന്നു.

Newsletter