യു.പി. നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ
- Last Updated on 19 February 2012
- Hits: 2
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 56 നിയമസഭാ മണ്ഡലങ്ങളിലെയും സുരക്ഷ കര്‍ശനമാക്കി. ആദ്യ മൂന്നു ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 170 മണ്ഡലങ്ങളിലും കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് നടക്കുന്ന 11 ജില്ലകളിലായി 760 കമ്പനി സുരക്ഷാസൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ആകാശനിരീക്ഷണത്തിന് രണ്ട് ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ചിത്രകൂട്, ബാന്ദ, പ്രതാപ്ഗഢ്, ലഖ്‌നൗ എന്നീ മണ്ഡലങ്ങളിലാണ് പ്രശ്‌നബാധിത ബൂത്തുകളുള്ളത്.
നാലാംഘട്ടത്തില്‍ 966 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. 1.75 കോടി വോട്ടര്‍മാര്‍ വിധിനിര്‍ണയത്തില്‍ പങ്കാളികളാകും. 2007-ലെ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി-25, എസ്. പി-14, ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഏഴുവീതം, മറ്റുള്ളവര്‍-4 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലങ്ങളിലെ കക്ഷിനില.