എന്‍.സി.ടി.സി യു.പി.എ.യ്ക്കുള്ളില്‍നിന്നുതന്നെ എതിര്‍പ്പ്
- Last Updated on 18 February 2012
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി.) ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് യു.പി.എ.യ്ക്കുള്ളില്‍നിന്നുതന്നെ എതിര്‍പ്പ്. ക്രമസമാധാനപാലനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകും ഭീകരവിരുദ്ധകേന്ദ്രം
എന്ന് കുറ്റപ്പെടുത്തി സഖ്യകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. മമതയ്ക്കു പുറമെ ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ അണിനിരന്നതോടെ യു.പി.എ. സര്‍ക്കാര്‍ പ്രതിരോധത്തിലായി.
1967-ലെ നിയമവിരുദ്ധനടപടികള്‍ തടയല്‍ നിയമത്തിലെ 43-എ വകുപ്പുപ്രകാരം ഭീകരവിരുദ്ധ കേന്ദ്രത്തിന് നല്‍കിയിട്ടുള്ള അധികാരങ്ങളാണ് സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണം.സംസ്ഥാനസര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഭീകരവിരുദ്ധകേന്ദ്രത്തിന്റെ ഓപ്പറേഷന്‍സ് ഡിവിഷന് സംസ്ഥാനങ്ങളില്‍ പരിശോധന നടത്താനും ആരെയും അറസ്റ്റുചെയ്യാനും അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
ഇത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുമാണ് മുഖ്യമന്ത്രിമാര്‍ ആരോപിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ നിര്‍ദിഷ്ട ഭീകരവിരുദ്ധ കേന്ദ്രത്തിന് എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണ നല്‍കി ബി.ജെ.പി. മുഖ്യമന്ത്രിമാരായ ഗുജറാത്തിലെ നരേന്ദ്രമോഡി, മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍, ഹിമാചല്‍പ്രദേശിലെ പ്രേംകുമാര്‍ ധുമാല്‍ എന്നിവരും രംഗത്തെത്തി.
ഒപ്പം എന്‍.ഡി.എ. സഖ്യകക്ഷിയായ അകാലിദള്‍ മുഖ്യമന്ത്രി (പഞ്ചാബ്) പ്രകാശ്‌സിങ് ബാദലും.ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ അതിരൂക്ഷമായ വിമര്‍ശമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ എകപക്ഷീയമായ അമിതാധികാര പ്രവണതകള്‍ അംഗീകരിക്കാനാവില്ല. ഇത് പൊടുന്നനെ ഉണ്ടായ ഒരു നടപടിയായി കാണാനാവില്ല -പ്രധാനമന്ത്രിക്കയച്ച കത്തില്‍ മമത പറഞ്ഞു.
ആദ്യമായല്ല കേന്ദ്രതീരുമാനത്തിനെതിരെ മമത എതിര്‍പ്പുയര്‍ത്തുന്നത്. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കേന്ദ്രത്തിന് മാറ്റിവെക്കേണ്ടി വന്നു. ഭീകരവിരുദ്ധകേന്ദ്രത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് എതിരെ തിരിഞ്ഞിട്ടുള്ള കോണ്‍ഗ്രസിതര പ്രാദേശിക പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ നീക്കത്തെ തന്ത്രപരമായി പിന്തുണയ്ക്കുന്ന സമീപനമാണ് ബി.ജെ.പി. സ്വീകരിക്കുന്നത്.
എന്നാല്‍ ഭീകരവിരുദ്ധ കേന്ദ്രവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളില്‍ പലതും എതിര്‍പ്പു പ്രകടിപ്പിച്ച എന്‍.ഡി.എ.യുടെ ഭരണകാലത്ത് കൊണ്ടുവന്ന ഫ്രപോട്ടയ്ത്ത നിയമത്തിലുള്‍പ്പെടുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍ട്ടികളില്‍ പലരും അന്ന് എന്‍.ഡി.എ.യുടെ ഭാഗമായിരുന്നുവെന്നും പാര്‍ട്ടി വക്താവ് രേണുക ചൗധരി പറഞ്ഞു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും നവീന്‍ പട്‌നായിക്കിന്റെ ബിജുജനതാദളിനെയുമാണ് അവര്‍ ഉദ്ദേശിച്ചത്.
ഭീകരവിരുദ്ധകേന്ദ്രം ഭീകരവാദത്തെ നേരിടുന്നതിനപ്പുറം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തി. ഭീകരതയെ നേരിടാന്‍ മുംബൈ 26/11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി.) രൂപവത്കരിക്കാനുള്ള ശുപാര്‍ശ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക.
എ.ഡി.ജി.പി. റാങ്കിലോ അതിനു മുകളിലോ ഉള്ള മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവും പ്രവര്‍ത്തനം. ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഈ കേന്ദ്രത്തിന്റെ അധികാരത്തെച്ചൊല്ലി പ്രതിരോധ, ധനമന്ത്രാലയങ്ങള്‍ തടസ്സവാദങ്ങളുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് രൂപവത്കരണം വൈകിയത്. തീവ്രവാദവിരുദ്ധ നീക്കത്തില്‍ വിവിധ ഏജന്‍സികള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നത്. മാര്‍ച്ച് ഒന്നിന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അധികാരം കവരില്ല -മന്ത്രി സിബല്‍
നിര്‍ദിഷ്ട ഭീകരവിരുദ്ധ കേന്ദ്രവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരം കവരുകയല്ല ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ''കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ തനിച്ച് ഭീകരപ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരപരാധികളായ ഒട്ടേറെപ്പേരാണ് ദിനംപ്രതി ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഈ വെല്ലുവിളി നേരിടാന്‍ ഒരു ദേശീയപ്രതികരണം ആവശ്യമാണ്''-സിബല്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി നാരായണസ്വാമി വിശ്വാസം പ്രകടിപ്പിച്ചു.ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരായി ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങും പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി പ്രത്യേക ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.