20February2012

You are here: Home National മുംബൈ ഭീകരാക്രമണം ഒമ്പതു പ്രതികള്‍ക്കും ജാമ്യമില്ലാ വാറന്റ്

മുംബൈ ഭീകരാക്രമണം ഒമ്പതു പ്രതികള്‍ക്കും ജാമ്യമില്ലാ വാറന്റ്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും കൂട്ടാളി തഹാവുര്‍ ഹുസൈന്‍ റാണയുമുള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നല്‍കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. ഹെഡ്‌ലിയും റാണയും ഉള്‍പ്പെടെ

നാലു പ്രതികളെ മാര്‍ച്ച് 13ന് ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ എന്‍.ഐ.എ പ്രത്യേക കോടതി ആരംഭിച്ചു.

ഇവരുള്‍പ്പെടെയുള്ള ഒമ്പത് പ്രതികള്‍ക്കുമെതിരെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എച്ച്.എസ് ശര്‍മ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. അമ്പത്തൊന്നുകാരനായ ഹെഡ്‌ലിയും റാണയും ഇപ്പോള്‍ അമേരിക്കയുടെ കസ്റ്റഡിയിലാണ്. ഇവര്‍ക്കുപുറമെ ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സെയ്ദ്, സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി, മേജര്‍ സമീര്‍ അലി, മേജര്‍ ഇഖ്ബാല്‍, ഇല്യാസ് കശ്മീരി, സാജിദ് മാലിക്, പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഹ്മാന്‍ ഹാഷ്മി എന്നീ ഒമ്പതു പേര്‍ക്കെതിരെ 2011 ഡിസംബല്‍ 24-നാണ് എന്‍.ഐ.എ. കുറ്റപത്രം നല്‍കിയത്.

രണ്ടുവര്‍ഷത്തെ അന്വേഷണത്തിനുശേഷം 134 സാക്ഷിമൊഴികളും 210 രേഖകളും 106 ഇ-മെയിലുകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

ഹെഡ്‌ലിക്കും റാണയ്ക്കുമെതിരെ മാത്രമാണ് എന്‍.ഐ.എ ആദ്യം കേസെടുത്തത്. ബാക്കി ഏഴുപേരെ പിന്നീട് ഉള്‍പ്പെടുത്തി. മൊറോക്കോയില്‍ അന്വേഷണം നടത്താന്‍ അനുമതി തേടിക്കൊണ്ടുള്ള എന്‍.ഐ.എ.യുടെ വാദവും കോടതി കേട്ടു. യു.എസ്. കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷയില്‍ നിന്ന് ഇളവു നേടാന്‍ ശ്രമിക്കുന്ന ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വളരെ കുറച്ച് അവസരം മാത്രമാണ് ഇതുവരെ എന്‍.ഐ.എ.യ്ക്ക് ലഭിച്ചത്.

റാണയെ മുംബൈ ഭീകരാക്രമണ കേസില്‍ യു.എസ് കോടതി വെറുതെവിട്ടിരുന്നു. ചിക്കാഗോയില്‍ നടന്ന എട്ടുദിവസത്തെ വിചാരണയ്ക്കുശേഷം തെളിവില്ലെന്നു പറഞ്ഞാണ് റാണയെ വെറുതെവിട്ടത്. എന്നാല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രസ്ഥാപനം ആക്രമിക്കാനുള്ള പദ്ധതിയില്‍ ലഷ്‌കര്‍-ഇ-തോയ്ബയ്ക്ക് സഹായം ചെയ്തുവെന്ന കേസില്‍ റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ. ചുമത്തിയ കുറ്റം. മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലും താജ്, ഒബ്‌റോയ് ഹോട്ടലുകളിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 165 പേര്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Newsletter