20February2012

You are here: Home World മാര്‍ ആലഞ്ചേരി ഇനി 'സഭയുടെ രാജകുമാരന്‍'

മാര്‍ ആലഞ്ചേരി ഇനി 'സഭയുടെ രാജകുമാരന്‍'

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയ്ക്ക് അഭിമാനത്തിന്റെ ഉന്നതികള്‍ സമ്മാനിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി വാഴിച്ചു. ശനിയാഴ്ച രാവിലെ വത്തിക്കാന്‍ സമയം 10.30-ന് (ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നിന്) സെന്‍റ്

പീറ്റേഴ്‌സ് ബസിലിക്കയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണം.

അദ്ദേഹത്തിനൊപ്പം 21 പേര്‍കൂടി സഭയുടെ പരമോന്നത സമിതിയായ കര്‍ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 'സഭയുടെ രാജകുമാരന്‍' എന്നാണ് കര്‍ദിനാള്‍ എന്ന വാക്കിന്റെ അര്‍ഥം. ഒന്നര മണിക്കൂര്‍ നീണ്ട ചടങ്ങില്‍ സ്ഥാനിക ചിഹ്നങ്ങളായ ചുവന്ന തൊപ്പിയും മോതിരവും മാര്‍പാപ്പ കര്‍ദിനാള്‍മാരെ അണിയിച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും ചിത്രവും കുരിശും മുദ്രണം ചെയ്തതാണ് 14 കാരറ്റ് സ്വര്‍ണത്തിലുള്ള മോതിരം. രക്തസാക്ഷിത്വത്തിന്റെ അടയാളമാണ് ചുവന്ന തൊപ്പി.

കര്‍ദിനാളായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമന ഉത്തരവും സ്ഥാനിക ദേവാലയവും നല്‍കി. റോമിലെ സെന്‍റ് ബെര്‍ണാഡ് ഡെല്ലെടെം ദേവാലയമാണ് മാര്‍ ആലഞ്ചേരിക്ക് ലഭിച്ചത്. കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്ഥാനിക ദേവാലയവും ഇതുതന്നെയായിരുന്നു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലാമത്തെ മലയാളിയാണ് മാര്‍ ആലഞ്ചേരി. കാലം ചെയ്ത മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്‍റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരാണ് ഇതിന് മുമ്പ് കര്‍ദിനാള്‍മാരായിട്ടുള്ളത്.

ഇനി മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ അറുപത്തിയേഴുകാരനായ മാര്‍ ആലഞ്ചേരിക്കും പ്രവേശിക്കാം. 80 വയസ്സുവരെ അദ്ദേഹത്തിന് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. ശനിയാഴ്ച അഭിഷിക്തരായ 22 കര്‍ദിനാള്‍മാരില്‍ 18 പേരും മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള ഇലക്ടറല്‍ കര്‍ദിനാള്‍മാരാണ്. പ്രായം 80 കടന്നതിനാല്‍ ബാക്കിയുള്ളവര്‍ക്ക് അതിന് സാധിക്കില്ല.

ഇത്തവണ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ മൂന്നുപേര്‍ മെത്രാന്മാര്‍ അല്ല; സാധാരണ വൈദികര്‍ മാത്രം. ഇവര്‍ സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അപൂര്‍വ സ്ഥാനലബ്ധി. ഇതോടെ സഭയിലെ ആകെ കര്‍ദിനാള്‍മാരുടെ എണ്ണം 213 ആയി. ഇതില്‍ 125 പേരാണ് ഇലക്ടറല്‍ കര്‍ദിനാള്‍മാര്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇത് നാലാം തവണയാണ് കര്‍ദിനാള്‍മാരുടെ നിയമനം നടത്തുന്നത്. ഇതോടെ അദ്ദേഹം കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയവര്‍ 84 പേരായി.

ഡോ. വലേറിയന്‍ ഗ്രേഷ്യസ്, ഡോ. ലോറന്‍സ് പിക്കാച്ചി, ഡോ. സൈമണ്‍ ലൂര്‍ദ് സാമി, ഡോ. സൈമണ്‍ പിമെന്‍റ, ഡോ. ഐവാന്‍ ഡയസ്, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ആലഞ്ചേരിക്കൊപ്പം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. ഞായറാഴ്ച രാവിലെ 9.30-തിന് സെന്‍റ് പീറ്റേഴ്‌സ ബസിലിക്കയില്‍ മാര്‍പാപ്പയ്‌ക്കൊപ്പം പുതിയ കര്‍ദിനാള്‍മാര്‍ ദിവ്യബലിയര്‍പ്പിക്കും.

മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ്മാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം അങ്കമാലി സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, കേന്ദ്ര മന്ത്രി കെ.വി.തോമസ്, മന്ത്രി പി.ജെ. ജോസഫ്, എം.പി.മാരായ ആന്‍േറാ ആന്‍റണി, പി.ടി. തോമസ് തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വൈദികരും സന്ന്യസ്തരും മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങളും വത്തിക്കാനില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

Newsletter