ഉപതിരഞ്ഞെടുപ്പ്: പത്തുദിവസം സഭ നിര്‍ത്തിവെക്കും
- Last Updated on 19 February 2012
- Hits: 2
തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പ് കാരണം നിയമസഭാ സമ്മേളനം പത്തുദിവസം നിര്‍ത്തിവെക്കും. മാര്‍ച്ച് ഒന്നിന് സഭ തുടങ്ങിയാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കുശേഷം തിരഞ്ഞെടുപ്പുകഴിയുന്നതുവരെ സഭ നിര്‍ത്തിവെക്കാനാണ് തീരുമാനം. ഇതിനുശേഷം ബജറ്റ്
അവതരിപ്പിക്കും.
മാര്‍ച്ച് ഒന്നിനായിരിക്കും ഗവര്‍ണറുടെ നയപ്രഖ്യാപനം. രണ്ടിന് ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചനം. മൂന്നിനും നാലിനും അവധി. അഞ്ചിന് നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ച തുടങ്ങും. ഏഴിന് ആറ്റുകാല്‍ പൊങ്കാലയായതിനാല്‍ സഭയ്ക്ക് അവധി നല്‍കേണ്ടിവരും. എട്ടിന് നയപ്രഖ്യാപന ചര്‍ച്ച തീര്‍ത്താല്‍ പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19 നേ സഭ സമ്മേളിക്കൂ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗം ബജറ്റ് അവതരണം ഉള്‍പ്പെടെയുള്ള സഭാനടപടിക്രമങ്ങളെക്കുറിച്ച് തീരുമാനിക്കും. എന്നാല്‍, പത്തുദിവസം സഭ നിര്‍ത്തിവെക്കണമെന്ന ശുപാര്‍ശ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. 19 നോ 20 നോ ആയിരിക്കും ഇത്. ഈ ദിവസങ്ങളില്‍ ബജറ്റ് അവതരിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വേണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വോട്ടെണ്ണല്‍വരെ തുടരുമെന്നതിനാലാണിത്. ചട്ടത്തില്‍ ഇളവുനല്‍കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രി കെ.എം. മാണി കത്തയച്ചു.
മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ മൂന്നുവരെ സഭ ചേരാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെങ്കിലും ഇടവേളയും അവധികളും കഴിഞ്ഞ് 17 ദിവസം മാത്രമേ സഭ സമ്മേളിക്കുകയുള്ളൂ.