ജയലളിത നിരപരാധിയെന്ന് ശശികലയുടെ മൊഴി
- Last Updated on 19 February 2012
- Hits: 2
ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുകൂലമായി ഉറ്റതോഴിയായിരുന്ന ശശികലയുടെ മൊഴി. ജയ പബ്ലിക്കേഷന്‍സ്, ശശി എന്റര്‍പ്രൈസസ് എന്നീ രണ്ടുസ്ഥാപനങ്ങളില്‍ ജയലളിത നിശബ്ദപങ്കാളി മാത്രമാണെന്നായിരുന്നു ശശികല
മൊഴിനല്‍കിയത്. വിചാരണാവേളയില്‍ പലപ്പോഴും പൊട്ടിക്കരഞ്ഞാണ് ശശികല മറുപടി നല്‍കിയത്.
പ്രത്യേകകോടതി ജഡ്ജി ബി.എം. മല്ലികാര്‍ജുനയ്യ മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തല്‍ നടന്നത്. 40 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശശികല മറുപടി നല്‍കി. രണ്ടു സ്ഥാപനങ്ങളുടെയും നടത്തിപ്പും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത് താനാണെന്ന് ശശികല മൊഴിയില്‍ വ്യക്തമാക്കി. തുടര്‍വിചാരണ ഫിബ്രവരി 23ലേക്ക് മാറ്റി. ജയലളിതയുടെ അപ്രീതിക്ക് പാത്രമായി എ.ഐ.എ.ഡി.എം.കെയില്‍നിന്നും തോഴിസ്ഥാനത്തുനിന്നും അടുത്തിടെ പുറത്തായ ശശികല കേസിലെ രണ്ടാം പ്രതിയാണ്.
ജയ പബ്ലിക്കേഷന്‍സിന്റെയും ശശി എന്റര്‍പ്രൈസസിന്റെയും ദൈനംദിന ഇടപാടുകളിലും നടത്തിപ്പിലും ജയലളിതയ്ക്ക് പങ്കില്ലെന്നും അവര്‍ വിശദീകരിച്ചു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ അഭിഭാഷകനായ കെ.എസ്. ഹരിഷ് തമിഴില്‍ പരിഭാഷപ്പെടുത്തിയാണ് ശശികലയോട് ചോദിച്ചത്.
ശശികലയുടെ വിചാരണയ്ക്കായി ആയിരം ചോദ്യങ്ങളാണ് കോടതി തയ്യാറാക്കിയിട്ടുള്ളത്. ശശികലയുടെ അഭിഭാഷകരായ എന്‍. കുമാര്‍, സി. മണിശങ്കര്‍ എന്നിവരുടെ അസൗകര്യത്തെത്തുടര്‍ന്നാണ് കോടതി നടപടി 23-ലേക്ക് നീട്ടിയത്. അതേസമയം, മൊഴിയെടുക്കല്‍ തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നടത്തുന്നതിനുപകരം നീട്ടിവെക്കാനുള്ള തീരുമാനത്തെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യ വിമര്‍ശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശം ലംഘിക്കുകയാണ്. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മദ്രാസ് ഹൈക്കോടതിയില്‍ ചില കേസുകളുമായി ബന്ധപ്പെട്ട് ഹാജരാകേണ്ടതിനാലാണ് കേസ് അടുത്താഴ്ച മാറ്റിവെക്കാന്‍ അഭ്യര്‍ഥിച്ചതെന്ന് ശശികലയുടെ അഭിഭാഷകന്‍ എന്‍. കുമാര്‍ പറഞ്ഞു. ശശികലയെക്കൂടാതെ കേസിലെ മൂന്നും നാലും പ്രതികളായ വി.എന്‍. സുധാകരനും ജെ. ഇളവരശിയും കോടതിയില്‍ ശനിയാഴ്ച ഹാജരായി. തമിഴില്‍ വിചാരണ വേണമെന്ന ശശികലയുടെ ഹര്‍ജി സുപ്രീംകോടതിയും കീഴ്‌ക്കോടതികളും നേരത്തേ നിരാകരിച്ചിരുന്നു.
തമിഴിലുള്ള ചോദ്യങ്ങള്‍ക്ക് തമിഴില്‍ മറുപടി നല്‍കുന്നതിന് അനുവദിക്കണമെന്നും ഇത് ഇംഗ്ലീഷിലേക്ക് മാറ്റാമെന്നുമായിരുന്നു ശശികലയുടെ അഭിഭാഷകന്‍ നേരത്തേ പ്രത്യേക കോടതിയില്‍ വാദിച്ചത്. ഇംഗ്ലീഷും കന്നടയും കൈകാര്യംചെയ്യാന്‍ വശമില്ലാത്തതിനാല്‍ ആവശ്യം അംഗീകരിക്കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍, പരിഭാഷകന്റെ സേവനം അനുവദിച്ചുനല്‍കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയും സുപ്രീംകോടതിയും ഹര്‍ജി തള്ളി.
കേസിലെ ഒന്നാംപ്രതിയായ ജയലളിതയുടെ മൊഴി രേഖപ്പെടുത്തല്‍ നേരത്തേ നാലുദിവസംകൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. 1,339 ചോദ്യങ്ങള്‍ക്കാണ് ജയ മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ 1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി ജയലളിത സമ്പാദിച്ചുവെന്നതാണ് കേസ്. മുഖ്യമന്ത്രി പദവിയില്‍ നാമമാത്രമായ ഒരുരൂപ ശമ്പളം വാങ്ങിയിരുന്ന ജയലളിത അഞ്ചുവര്‍ഷംകൊണ്ട് അധികാരസ്വാധീനം ഉപയോഗിച്ച് അവിഹിതമായി സ്വത്തുകള്‍ സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.