19February2012

You are here: Home National മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി

മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി

ഫാറൂഖാബാദ് (യു.പി.): സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രികൂടി തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി. കേന്ദ്ര ഉരുക്കുമന്ത്രി ബേനിപ്രസാദ് വര്‍മയാണ് മുസ്‌ലിങ്ങള്‍ക്കുള്ള സംവരണം ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ പേരില്‍

വേണമെങ്കില്‍ തിരഞ്ഞെടുപ്പുകമ്മീഷന് തനിക്കെതിരെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബേനിപ്രസാദ് വര്‍മയുടെ പ്രസ്താവനയും ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗികവക്താവ് തള്ളിപ്പറഞ്ഞു.

ഭരണഘടനാസ്ഥാപനങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്ന കോണ്‍ഗ്രസ് നിലപാട് വര്‍മയ്ക്കും ബാധകമാണെന്ന് മറ്റൊരു കേന്ദ്രമന്ത്രിയായ അംബികാസോണി വ്യക്തമാക്കി. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ കരിംഗഞ്ചില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ സംവരണമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയെ മന്ത്രി വര്‍മ ന്യായീകരിക്കുകയും ചെയ്തു. ഖുര്‍ഷിദും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിങ്ങും വേദിയിലുണ്ടായിരുന്നു.

മുസ്‌ലിങ്ങള്‍ക്കു വേണ്ടി ആത്മാര്‍ഥമായി പോരാടുകയാണ് ഖുര്‍ഷിദെന്ന് മന്ത്രി പറഞ്ഞു. യു.പിയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കൂടുതല്‍ സംവരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്‍ തൂക്കിലേറ്റിയാലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ ഒമ്പതുശതമാനം സംവരണം വേണമെന്ന് പറയുകതന്നെ ചെയ്യുമെന്ന കേന്ദ്രനിയമമന്ത്രി ഖുര്‍ഷിദിന്റെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.

തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ചതില്‍ ബുധനാഴ്ച അദ്ദേഹം ഖേദം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വിവാദം അവസാനിപ്പിക്കുകയാണെന്ന് കമ്മീഷന്‍ ബുധനാഴ്ച പത്രക്കുറിപ്പിറക്കിയിരുന്നു. അതിനുപിന്നാലെയാണ് ബേനിപ്രസാദ് വര്‍മയുടെ പരാമര്‍ശങ്ങള്‍. പാര്‍ലമെന്റില്‍ സംവരണത്തെപ്പറ്റി പറയുമ്പോഴില്ലാത്ത കുഴപ്പം ഫാറൂഖാബാദില്‍ അതേപ്പറ്റി പറയുമ്പോഴുണ്ടാകുന്നതെങ്ങെയെന്ന് മന്ത്രി ഖുര്‍ഷിദ് ചോദിച്ചു.

ഫാറൂഖാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഭാര്യ ലൂയിസിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. സംവരണ പ്രസ്താവനയുടെ പേരില്‍ വിമര്‍ശിച്ച ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ ഖുര്‍ഷിദ് വിമര്‍ശിച്ചു. ''ഞാന്‍ മുസ്‌ലിങ്ങളെപ്പറ്റി പറയുമ്പോള്‍ ഒരു സമുദായത്തെക്കുറിച്ചുമാത്രം പറയുന്നു എന്ന് ബി.ജെ.പി. നേതാവ് പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഒരു സമുദായത്തിന് എതിരായിരിക്കുന്നതെന്ന് ഞാന്‍ ചോദിക്കുന്നു'' -ഖുര്‍ഷിദ് പറഞ്ഞു.

അതിനിടെ, വിവാദപ്രസ്താവനയുടെ പേരില്‍ ഖുര്‍ഷിദിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തില്‍ വിധിപറയുന്നത് അലഹാബാദ് ഹൈക്കോടതി മാറ്റിവെച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ. ഖുറേഷി ഖുര്‍ഷിദിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയതിനെത്തുര്‍ന്ന് അശോക് പാണ്ഡെ എന്നയാളാണ് പൊതുതാത്പര്യഹര്‍ജി നല്‍കിയത്.

Newsletter