കാറില്‍ ഒരു കോടി: രാഷ്ട്രപതിയുടെ മകന് നോട്ടീസ്
- Last Updated on 16 February 2012
മുംബൈ: അമരാവതിയില്‍ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭാംഗവും രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മകനുമായ റാവുസാഹേബ് ഷെക്കാവത്തിന് ജില്ലാകളക്ടര്‍ രാഹുല്‍ മഹിവാല്‍ നോട്ടീസയച്ചു.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ സാമ്പത്തിക ഭദ്രത കുറഞ്ഞ സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് വേണ്ടിയാണ് പണമെന്ന് അമരാവതിയില്‍ നിന്നുള്ള നിയമസഭാംഗമായ ഷെക്കാവത്ത് പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി. അമരാവതി കോടതിയെ സമീപിച്ചു. കോടതി ഫിബ്രവരി 20ന് കേസ് പരിഗണിക്കും.
കാറിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാഗ്പുരില്‍നിന്ന് അമരാവതിയില്‍ എത്തിച്ചതാണ് പണമെന്ന് വ്യക്തമാക്കിയിരുന്നു. അമരാവതി ബി.ജെ.പി. പ്രസിഡണ്ട് ഡോ. പ്രദീപ് ഷിംഗോരെയാണ് കോടതിയെ സമിപിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദഫലമായാണ് കൃത്യമായ രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഷിംഗോരെ ആരോപിച്ചിട്ടുണ്ട്.
ഈ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പിടിച്ചെടുത്ത പണം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തന്നെയാണെന്ന് ബി.ജെ.പി. നേതാവ് പരാതിയില്‍ പറയുന്നത്.