എന്റിക ലെക്‌സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം
- Last Updated on 19 February 2012
- Hits: 2
കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കീഴടങ്ങാന്‍ ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി'യിലെ രണ്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അന്ത്യശാസനം നല്‍കി. ഞായറാഴ്ച രാവിലെ എട്ട് മണിക്കകം വെടിവെച്ചവര്‍ കീഴടങ്ങണമെന്ന് സിറ്റി പോലീസ്
കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍ കപ്പലിലെത്തി ആവശ്യപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് കമ്മീഷണര്‍ എത്തി ക്യാപ്ടനും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിനും അന്ത്യശാസനം നല്‍കിയത്.
അല്ലാത്തപക്ഷം ഇവരെ ബലംപ്രയോഗിച്ച് കസ്റ്റഡിയെടുക്കുമെന്നാണ് സൂചന. പ്രശ്‌നത്തിന് അന്തര്‍ദേശീയ മാനം ഉള്ളതിനാല്‍ വളരെ കരുതലോടെയാണ് നടപടികള്‍. പ്രശ്‌നത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്നാണ് കപ്പലധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. രേഖകള്‍ കൈമാറുന്നതിനും വിരോധമില്ലെന്ന് അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇറ്റലിയിലും കേസെടുത്തിട്ടുണ്ട്.
വെടിവെപ്പിന് ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ കരയ്‌ക്കെത്തിച്ച് ചോദ്യം ചെയ്യുക, കപ്പലിനുള്ളില്‍ കടന്ന് ആയുധങ്ങളും മറ്റും പരിശോധിക്കുക, യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളടങ്ങിയ കത്ത് ക്യാപ്റ്റന് കൈമാറിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും കപ്പല്‍ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കപ്പല്‍ കേരള തീരത്തു നിന്ന് എത്ര ദൂരത്തിലാണ് സഞ്ചരിച്ചതെന്നതിനെപ്പറ്റി ആശയക്കുഴപ്പമുണ്ട്. കപ്പല്‍ അന്തര്‍ദേശീയ പാതയിലായിരുന്നതിനാല്‍ കേരള പോലീസ് നടപടികള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടില്‍ തന്നെയാണ് കപ്പല്‍ അധികൃതര്‍.
ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെയും നേവിയിലെയും നാല് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഇറ്റലിയില്‍ നിന്നെത്തി സിറ്റി പോലീസ് കമ്മീഷണറെ കണ്ടിരുന്നു. ഇവര്‍ കപ്പല്‍ജീവനക്കാരുമായും ആശയവിനിമയം നടത്തി.
ദക്ഷിണമേഖല എ.ഡി.ജി.പി പി. ചന്ദ്രശേഖരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, ഇറ്റലിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ഗിയാംപോളോ കുറ്റില്ലോ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനമറിയിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് കപ്പല്‍ അധികൃതരുടെ നീക്കം. കപ്പല്‍ എത്ര ദൂരത്തിലാണ് സഞ്ചരിച്ചിട്ടുള്ളതെന്നറിയാനുള്ള വോയേജ് ചാര്‍ട്ട് പോലീസ് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ സ്വീകരിക്കുന്ന നിയമ നടപടികളുടെ സാധുത കോടതി വിലയിരുത്തട്ടേ എന്ന നിലപാടിലാണ് പോലീസ്.