ഇന്ത്യ ഇറ്റലിയെ പ്രതിഷേധമറിയിച്ചു; ഷിപ്പിങ് മന്ത്രാലയം അന്വേഷിക്കും
- Last Updated on 17 February 2012
ന്യൂഡല്‍ഹി/കൊല്ലം/കൊച്ചി: കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് കേന്ദ്രഷിപ്പിങ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി ഗിയാകോമോ സാന്‍ഫെലിസിനെ
വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ഗിയാംപോളോ കുറ്റില്ലോ കൊച്ചിയിലെത്തി കപ്പലില്‍ ചെന്ന് ജീവനക്കാരുമായും അന്വേഷണഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്ന തലത്തിലേക്കാണ് സംഭവം നീങ്ങിയത്. ഉത്തരവാദികള്‍ക്കെതിരെ ഇന്ത്യന്‍ നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ നിയമപ്രകാരം നടക്കുമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി പ്രതികരിച്ചു. നാവികസേനയും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വെടിവെപ്പു നടത്തിയ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക ലെക്‌സി കൊച്ചി തീരത്ത് തീരരക്ഷാസേനയുടെയും നാവികസേനയുടെയും കസ്റ്റഡിയിലാണ്. ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
നീണ്ടകരയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയവരെയാണ് കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ 'എന്റിക ലെക്‌സി'യിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വലന്‍ൈറന്‍-50), എരമത്തുറ സ്വദേശി അജീഷ് പിങ്കു (21) എന്നിവരാണ് മരിച്ചത്. മീന്‍പിടിത്ത ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് വിദേശമന്ത്രാലയം പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ഒമ്പതുപേര്‍ ഉറക്കത്തിലായിരുന്നു. ഉണര്‍ന്നിരുന്ന രണ്ടുപേരാണ് വെടിയേറ്റു മരിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കൊച്ചി തീരത്തെത്തിച്ച കപ്പലിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. ഇറ്റാലിയന്‍ കപ്പലില്‍ ആയുധധാരികളായ ആറുപേര്‍ ഉണ്ടായിരുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു. ഈ കപ്പലില്‍ 19 ഇന്ത്യക്കാരുമുണ്ട്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈലിനപ്പുറം അന്താരാഷ്ട്രസമുദ്രത്തില്‍ വെച്ച് തങ്ങളുടെ കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചുവെന്നാണ് ഇറ്റാലിയന്‍ എംബസി നല്‍കുന്ന വിശദീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനെത്തുടര്‍ന്നാണ് വെടിവെച്ചതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
വെടിവെച്ച കാര്യം ഇറ്റാലിയന്‍ കപ്പല്‍ മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് മാരിടൈം അധികൃതരെ അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവമെങ്കിലും ഏഴുമണികഴിഞ്ഞാണ് ഇവര്‍ കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചത്. സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലേക്കു പോകുകയായിരുന്ന കപ്പല്‍ വിവരം റിപ്പോര്‍ട്ടു ചെയ്യാതെ 70 കിലോമീറ്ററോളം സഞ്ചരിച്ചു. ഇക്കാര്യവും ഷിപ്പിങ് മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.
വെടിയേറ്റുമരിച്ച പിങ്കുവിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മരിച്ച രണ്ടുപേരുടെയും കുടുംബത്തിന് കേരള സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നല്‍കും. ജെലസ്റ്റിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കൊല്ലത്തു കൊണ്ടുവന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. പിങ്കുവിന്റെ മൃതദേഹം സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടുപോയി.