കെ.ജി. ബാലകൃഷ്ണനെതിരെ അന്വേഷണം: ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
- Last Updated on 13 February 2012
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ. ജി. ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 'കോമണ്‍ കോസ് ' എന്ന സംഘടനയ്ക്കു വേണ്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി
തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ബാലകൃഷ്ണനെതിരെ മനോഹര്‍ലാല്‍ ശര്‍മ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയും ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് ഇതിനൊപ്പം പരിശോധിക്കും.
മനുഷ്യാവകാശ നിയമത്തിലെ 5(2) ചട്ടം പ്രകാരം കെ. ജി. ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും അന്വേഷണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനെയും അംഗങ്ങളെയും നീക്കുന്നത് രാഷ്ട്രപതിയുടെ ശുപാര്‍ശയിലൂടെ സുപ്രീം കോടതി അന്വേഷണം നടത്തി വേണമെന്നാണ് ചട്ടം. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അത്തരമൊരു റഫറന്‍സ് നല്‍കാത്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ അത്തരമൊരു അധികാരം പ്രയോഗിക്കാതിരുന്നാല്‍ അതിനു നിര്‍ദേശിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ കത്തയച്ചിരുന്നു. അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കെ.ജി. ബാലകൃഷ്ണന്റെ മരുമക്കളും സഹോദരനും അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ രേഖകള്‍, മുന്‍ സഹായി കണ്ണബീരാന്റെ പേരിലുള്ള തമിഴ്‌നാട്ടിലെ ബിനാമി സ്വത്തുക്കളുടെ രേഖകള്‍, സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് സുപ്രീം കോടതി രജിസ്ട്രി നല്‍കിയ വ്യക്തതയില്ലാത്ത മറുപടികള്‍, മുന്‍ ടെലികോം മന്ത്രി എ. രാജ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കത്ത് മുക്കിയ വിവാദത്തിന്റെ വിവരങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗോഖലെയുടെ പത്രപ്രസ്താവന, ബാലകൃഷ്ണന്റെ മൂന്നു ബന്ധുക്കള്‍ക്ക് കള്ളപ്പണം കൈവശമുണ്ടെന്ന ആദായനികുതി ഡയറക്ടര്‍ ഇ. ടി. ലൂക്കോസിന്റെ വെളിപ്പെടുത്തല്‍ തുടങ്ങിയവ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്.