04April2012

You are here: Home National ഭൗമ മണിക്കൂര്‍ 31ന് ആചരിക്കും

ഭൗമ മണിക്കൂര്‍ 31ന് ആചരിക്കും

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 രാത്രി 8.30ന് ഭൗമ മണിക്കൂര്‍ ആചരിക്കും. അനിവാര്യമല്ലാത്ത വൈദ്യുതി വിളക്കുകള്‍ മുഴുവന്‍ അണച്ച ശേഷം അത്യാവശ്യമുള്ളവ മാത്രം കത്തിക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് -ഇന്ത്യയുടെ സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ്

പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെയാണ് ഇക്കുറി പരിപാടി നടക്കുന്നത്. ലോകമെമ്പാടും നടക്കുന്ന ഭൗമ മണിക്കൂര്‍ ആചരണം ഇന്ത്യയിലും നടക്കും. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഫലമായി 160 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായി എന്നാണ് കെ.എസ്.ഇ.ബി. കണക്കാക്കിയിട്ടുള്ളത്.

സച്ചിന്‍ തെണ്ടുല്‍ക്കറാണ് ദേശീയ തലത്തില്‍ ഭൗമ മണിക്കൂറിന്റെ ബ്രാന്‍ഡ് അംബാസഡര്‍. തമിഴ് താരം ധനുഷ്, ബംഗാളി നടി ഋതുപര്‍ണ, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീം, തെലുങ്ക് നടന്‍ റാണ ദുഗ്ഗബതി എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ 'എര്‍ത്ത് അവര്‍' അംബാസഡര്‍മാരായി പ്രവര്‍ത്തിക്കും.

ഭൗമ മണിക്കൂര്‍ ആചരണത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന പരിപാടി തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് നടക്കുക. പ്രമുഖ വ്യക്തികളെ ഇതിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് രഞ്ജന്‍ പറഞ്ഞു. വൈകുന്നേരം 6.30ന് എം.ബി.എസ്. യൂത്ത് ക്വയറിന്റെ ഗാനാലാപനത്തോടെ പരിപാടി തുടങ്ങും. 7.30ന് 'സപ്തം' ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതനിശ. 8.30ന് വിളക്കുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരണം നടക്കും.

Newsletter