ജനറല്‍ സിങ്ങിനെതിരെ നടപടിക്ക് കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം
- Last Updated on 30 March 2012
ന്യൂഡല്‍ഹി: കരസേനാമേധാവി ജനറല്‍ വി.കെ. സിങ്ങിനെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സമ്മര്‍ദം ശക്തമാകുന്നു.
ജനറല്‍ സിങ് അച്ചടക്കത്തിന്റെയും മര്യാദയുടെയും എല്ലാ പരിധികളും ലംഘിച്ചെന്നും ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ സിങ്ങിനെ അനുവദിക്കുന്നത് സര്‍ക്കാറിന്റെ
പ്രതിച്ഛായയെ ബാധിക്കുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ ജനറല്‍ സിങ്ങിന് വിരമിക്കാന്‍ കുറച്ചുകാലംകൂടിയേ ബാക്കിയുള്ളൂ. അതിനാല്‍ കടുത്ത നടപടികള്‍ വേണ്ടെന്ന അഭിപ്രായവും നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്.
ജനനത്തീയതി സംബന്ധിച്ച കേസില്‍ തോറ്റ ജനറല്‍ സിങ് ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയവും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ച നിലപാടില്‍ അസംതൃപ്തനും രോഷാകുലനുമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് പകരംവീട്ടാന്‍ സര്‍ക്കാറിനെ വെട്ടിലാക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് അദ്ദേഹമെന്നാണ് ഭരണനേതൃത്വത്തിന്റെ പൊതുവിലയിരുത്തല്‍.
ബ്രിക്‌സ് ഉച്ചകോടിക്കായി വിവിധ രാജ്യത്തലവന്മാര്‍ ഡല്‍ഹിയിലെത്തിയ സമയം തന്നെ ഇത്തരമൊരു വിവാദത്തിന് തിരഞ്ഞെടുത്തത് ജനറല്‍ സിങ്ങിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
കൈവിട്ട് പോകാമായിരുന്ന ഈ പ്രശ്‌നം ആളിക്കത്തിക്കാതെ നിയന്ത്രിച്ചത് പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സമചിത്തതയും നയതന്ത്രപരമായ സമീപനവുമാണെന്ന് പാര്‍ട്ടിനേതൃത്വം പരക്കെ അംഗീകരിക്കുന്നു. സാധാരണ ഇത്തരം ഒരവസരത്തില്‍ സര്‍ക്കാറിനെ കടിച്ചുകീറുന്ന പ്രതിപക്ഷം ജനറല്‍ സിങ്ങിനെതിരെ സര്‍ക്കാറിനൊപ്പം അണിനിരന്നത് ആന്റണിയുടെ ഈ നിലപാടുമൂലമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റണിയുടെ സംശുദ്ധ പ്രതിച്ഛായയും പക്വമായ സമീപനവുമാണ് ജനറല്‍ സിങ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ ശമിപ്പിക്കാന്‍ യു.പി.എ. സര്‍ക്കാറിന്റെ പ്രധാന തുറുപ്പ് ചീട്ട്.
പാര്‍ട്ടി നിലപാട് കര്‍ക്കശമാക്കുന്നതിന്റെ സൂചന പതിവ് പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി നല്‍കി. ജനറല്‍ സിങ്ങിന്റെ പേരെടുത്ത് പറയാതെ തന്നെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രേണുകാചൗധരി നടത്തിയത്. ജനറല്‍ സിങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ അങ്ങേയറ്റം ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. സര്‍ക്കാറിന്റെ ക്ഷമ ദൗര്‍ബല്യമായി കരുതേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.