ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് ലണ്ടനില്‍ ലേലത്തിന്
- Last Updated on 03 April 2012
ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തം വീണ ഡല്‍ഹിയിലെ ബിര്‍ളാഹൗസിന് മുന്നില്‍ നിന്ന് മലയാളി ശേഖരിച്ച മണ്ണും പുല്‍നാമ്പുകളും ലണ്ടനില്‍ ലേലത്തിന് വെക്കുന്നു. പട്ടാള ഉദ്യോഗസ്ഥനായ പി.പി.നമ്പ്യാരുടെ ശേഖരത്തില്‍ നിന്നാണ് ഇത് ലേലക്കമ്പനി സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്നുള്ള ഒരു പിടി മണ്ണും പുല്‍നാമ്പും കോഴിക്കോട് മാതൃഭൂമി ആസ്ഥാനത്തും സൂക്ഷിച്ചിട്ടുണ്ട്.
ലണ്ടനിലെ ഷ്രോപ്പ്ഷയറില്‍ ഈ മാസം 17 ന് നടക്കുന്ന ലേലത്തിലാണ് ഈ അമൂല്യ വസ്തു വില്പനയ്‌ക്കെത്തുക. ഇതോടൊപ്പം വട്ടക്കണ്ണടയും ചര്‍ക്കയുമടക്കം ഗാന്ധിയുടെ ഓര്‍മയുണര്‍ത്തുന്ന ഒട്ടേറെ വസ്തുക്കളും ലേലത്തിനുണ്ടാകും. ഒരു ലക്ഷം പൗണ്ടാണ് (ഏതാണ്ട് 82 ലക്ഷം രൂപ) ഇവയുടെ വില്പന വഴി ലേലസ്ഥാപനമായ മുള്ളക്ക്‌സ് ലക്ഷ്യമിടുന്നത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്ക, കണ്ണട, അദ്ദേഹത്തിന്റെ രക്തം പുരണ്ട മണ്ണും പുല്‍നാമ്പുകളുമടങ്ങിയ പേടകം എന്നിവയ്ക്കാണ് കമ്പനി ഏറെ ലേലമൂല്യം പ്രതീക്ഷിക്കുന്നത്.
1996 സപ്തംബര്‍ 24 നാണ് പി.പി.നമ്പ്യാരുടെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള പേടകം കമ്പനിക്ക് ലഭിക്കുന്നത്. താനെങ്ങനെയാണ് ഗാന്ധിജിയുടെ രക്തം വീണ മണ്ണ് സ്വന്തമാക്കിയത് എന്നതിന്റെ വികാരം തുളുമ്പുന്ന വിവരണവും പേടകത്തിനൊപ്പം നമ്പ്യാര്‍ നല്‍കിയിട്ടുണ്ട്. ''1948 ജനവരി 30 ന് നമ്മുടെ രാഷ്ട്ര പിതാവ് എം.കെ.ഗാന്ധി വെടിയേറ്റു വീണിടത്തു നിന്നാണ് ഞാനിത് ശേഖരിച്ചത്. പുല്ലില്‍ ഉണങ്ങിപ്പിടിച്ച രക്തം അവിടെയെത്തിയ എന്റെ ശ്രദ്ധയില്‍ പെട്ടു.
ഞാനാ പുല്ല് സൂക്ഷ്മതയോടെ മുറിച്ചെടുത്തു. ഒപ്പം രണ്ടു പിടി മണ്ണും. ഞാനത് സമീപത്ത് കിടന്ന പഴയ ഒരു ഹിന്ദിപത്രത്തില്‍ പൊതിഞ്ഞുവെച്ചു. പിന്നീട് ഇന്‍ഡോചൈനയില്‍ നിന്ന് വാങ്ങിയ ഒരു ആഭരണപ്പെട്ടിയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു.'' ചില്ലുമൂടിയുള്ള മരത്തിന്റെ പെട്ടിയിലാണ് നമ്പ്യാര്‍ മണ്ണ് സൂക്ഷിച്ചിരുന്നത്. നമ്പ്യാരുടെ ആത്മകഥയായ ട്രൂ ബട്ട് നെവര്‍ ഹേഡും പേടകത്തിനൊപ്പമുണ്ട്.
1890-ല്‍ നിയമപഠനത്തിനായി ലണ്ടനില്‍ എത്തിയപ്പോഴുള്ളതാണ് ഗാന്ധിജിയുടെ വട്ടക്കണ്ണട. അദ്ദേഹത്തിന്റെ കൈയൊപ്പുള്ള ഗ്രാമഫോണ്‍ ഡിസ്‌ക്, 1931-ലെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍, സുഹൃത്തായിരുന്ന രാമപ്പൊതുവാളിനും ശിഷ്യനായിരുന്ന രാഘവപ്പൊതുവാളിനും അദ്ദേഹമെഴുതിയ കത്തുകള്‍, ഗുജറാത്തി ഭാഷയിലുള്ള പ്രാര്‍ഥനാപുസ്തകം എന്നിവയാണ് ലേലത്തിനുള്ള മറ്റു ഗാന്ധിസ്മൃതികള്‍.