ടൈക്കൂണ്‍ ഉടമ നാരായണ നരസിംഹലു പിടിയിലായി
- Last Updated on 29 March 2012
ചെന്നൈ: കോടികളുടെ തട്ടിപ്പ് നടത്തിയ ടൈക്കൂണ്‍ കമ്പനിയുടെ ഉടമ നാരായണ നരസിംഹലു ചെന്നൈയില്‍ പിടിയിലായി. നരസിംഹലുവിന്റെ നാല് ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 കോടി രൂപ ഇടപാടുകാരില്‍
നിന്ന് പിരിച്ചെടുക്കുകയും 200 കോടി രൂപ തട്ടിയെടുത്തു എന്നുമാണ് ടൈക്കൂണിന് എതിരായ കേസ്. 2009 ല്‍ ആരംഭിച്ച ടൈക്കൂണ്‍ എംപയര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. നാലു ഡയറക്ടര്‍മാരും 12 സീനിയര്‍ ഏജന്‍റുമാരും ഉള്‍പ്പെടെ 16 പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.
ടൈക്കൂണ്‍ കമ്പനികളുടെ പേരില്‍ സിംഗപ്പൂരില്‍ ടൈക്കൂണ്‍ ഹോള്‍ഡിങ്‌സ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ഡയറക്ടര്‍ കമലകണ്ണനാണ് സിംഗപ്പൂരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണലിലൂടെ സ്വരൂപിക്കുന്ന തുക വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെങ്കിലും ശ്രമം വിജയിച്ചില്ല.