04April2012

You are here: Home National കടുത്ത നടപടി -ആന്റണി

കടുത്ത നടപടി -ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് കരസേനാ മേധാവി ജനറല്‍ വി. കെ. സിങ് അയച്ച കത്ത് ചോര്‍ന്നത് ദേശവിരുദ്ധ നടപടിയാണെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
ഇതിന് ഉത്തരവാദികളായവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ജനറല്‍ സിങ്ങിനെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന സൂചന നല്‍കി, മൂന്നു സേനാമേധാവികളിലും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമാണെന്ന് ആന്റണി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനറല്‍ സിങ്ങിന്റെ കത്ത് ചോര്‍ന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുമെന്ന് ആന്റണി അറിയിച്ചു. ഈ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ കണ്ടെത്താന്‍ നടപടിയെടുക്കും. സര്‍ക്കാറിന് മൂന്നു സേനാ മേധാവികളിലും വിശ്വാസമുള്ളതു കൊണ്ടാണ് അവര്‍ തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.
ദേശാഭിമാനിയായ ഒരാളും ചെയ്യാത്ത നടപടിയാണ് കത്ത് ചോര്‍ച്ച. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം ലഭ്യമാക്കും. വഞ്ചിക്കപ്പെട്ടെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തിപരമായ വികാരങ്ങള്‍ പുറത്തുപറയുന്നില്ലെന്ന് ആന്റണി പറഞ്ഞു.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ തീരുമാനങ്ങളെടുക്കുന്നത്. നൂറു കോടി രൂപയ്ക്ക് മേലുള്ള ആയുധ ഇടപാടുകളില്‍ ഏതു ഘട്ടത്തില്‍ ക്രമക്കേട് കണ്ടെത്തിയാലും കരാര്‍ റദ്ദാക്കും. അയല്‍രാജ്യങ്ങള്‍ വളരെ വേഗത്തില്‍ പ്രതിരോധ മേഖല നവീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയ്ക്ക് ചുറ്റുമുള്ളത്. പ്രതിരോധ മേഖലയ്ക്കുള്ള നീക്കിയിരുപ്പ് കൂട്ടണം. കരാറുകള്‍ സംബന്ധിച്ച പരാതി ലഭിക്കാറുണ്ട്. അത് അന്വേഷിക്കുന്നതോടൊപ്പം, കരാറുകള്‍ നടപ്പാക്കുന്നതും വേഗത്തിലാക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

Newsletter