04April2012

You are here: Home National കോഴവാഗ്ദാനം: സി.ബി.ഐ. വിശദീകരണം തേടും

കോഴവാഗ്ദാനം: സി.ബി.ഐ. വിശദീകരണം തേടും

ന്യൂഡല്‍ഹി: കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവും കൈക്കൂലി വാഗ്ദാനവുമായി ബന്ധപ്പെട്ട് സേനാമേധാവി ജനറല്‍ വി.കെ. സിങ് ഔദ്യോഗികമായി സി.ബി.ഐ. ക്ക് പരാതി നല്‍കി. 

ഇതുസംബന്ധിച്ച് ജനറല്‍ സിങ്ങില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍

സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സി.ബി.ഐ. അടുത്തയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്ന് ജനറല്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണവുമായി മുന്നോട്ടു പോകണോ, അതല്ല ഈ ഘട്ടത്തില്‍ത്തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമോ എന്ന് സി.ബി.ഐ. തീരുമാനിച്ചിട്ടില്ലെന്നാണറിയുന്നത്. കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയോ അദ്ദേഹത്തില്‍നിന്ന് രേഖാമൂലം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്ത ശേഷമാവും ഇക്കാര്യം നിശ്ചയിക്കുക.

എന്നാല്‍, സേനാമേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികം വൈകാതെതന്നെ മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിങ്ങിനെ സി.ബി.ഐ. ചോദ്യം ചെയ്യും. തേജീന്ദര്‍ സിങ് തനിക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ജനറല്‍ സിങ്ങിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. 

നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് ഒരു ഇടനിലക്കാരന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കരസേനാമേധാവി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചശേഷം സി.ബി.ഐ. കരസേനാമേധാവിയില്‍നിന്ന് രേഖാമൂലമുള്ള പരാതി ആവശ്യപ്പെടുകയായിരുന്നു. 

സര്‍ക്കാറും സേനയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിന്റെ തെളിവായി പുതിയ സംഭവവികാസങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസം തങ്ങള്‍ക്കിടയിലില്ലെന്ന് ഇരുകൂട്ടരും വിശദീകരിച്ചിട്ടുണ്ട്. മൂന്നു സൈനിക മേധാവികളിലും സര്‍ക്കാറിന് പൂര്‍ണവിശ്വാസമാണെന്ന് മന്ത്രി ആന്റണി പ്രഖ്യാപിച്ചതും ജനറല്‍ സിങ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയും ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിന് അയവുവരുത്തിയിട്ടുണ്ടെന്നാണ് സൂചന.

സര്‍ക്കാറിനും കരസേനയ്ക്കുമിടയില്‍ വിടവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് കരസേനാമേധാവി നല്‍കിയത്. സര്‍ക്കാറും സേനയും തമ്മില്‍ ഒരു സംഘര്‍ഷവുമില്ല. സര്‍ക്കാറും കരസേനയും സേനാമേധാവിയുമെല്ലാം ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. 

കരസേനാമേധാവിയും സര്‍ക്കാറും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. ഇക്കാര്യം പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടനിലക്കാരന്‍ തേജീന്ദര്‍ സിങ് തന്നെ -സേനാമേധാവി

'തനിക്ക് കോഴ വാഗ്ദാനം ചെയ്തത് റിട്ട.ലഫ് ജനറല്‍ തേജീന്ദര്‍സിങ്ങാണെന്ന് സി.ബി.ഐ.ക്ക് നല്‍കിയ പരാതിയില്‍ കരസേനാ മേധാവി ലഫ്.ജനറല്‍ വി.കെ. സിങ് കുറ്റപ്പെടുത്തി. ഈയിടെ വിരമിച്ച ഒരു ഇടനിലക്കാരന്‍ നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. തേജീന്ദര്‍ സിങ്ങിന്റെ പേരു പറഞ്ഞിരുന്നില്ല. 


'ജനനത്തീയതി തിരുത്തി ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാനുള്ള നീക്കത്തിനേറ്റ തിരിച്ചടി ജന. വി.കെ. സിങ്ങിന് വലിയ ക്ഷീണമായെന്ന് റിട്ട. ലഫ്. ജനറല്‍ തേജീന്ദര്‍സിങ് പറഞ്ഞു. അതിലുള്ള ഇച്ഛാഭംഗമാണ് അദ്ദേഹത്തെ ആരോപണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. എല്ലാ ഭാഗത്തുനിന്നും ഒരു പോലെ വിമര്‍ശനമുയരുകയും ഒറ്റപ്പെടുകയും ചെയ്തതോടെ സേനാമേധാവിയിപ്പോള്‍ സര്‍ക്കാറുമായി സമാധാനത്തിന് ശ്രമിക്കുകയായാണ് -അദ്ദേഹം കുറ്റപ്പെടുത്തി. 

'ടട്ര' യുടെ നിലവാരം

'ചെക് നിര്‍മിതമായ ടട്ര ട്രക്കുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ.) ഡയറക്ടര്‍ ജനറല്‍ വി.കെ. സാരസ്വത്.

നിലവാരം കുറഞ്ഞവയെന്ന് കരസേനാമേധാവി വി.കെ. സിങ് കുറ്റപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ഏതു പ്രതലത്തിലും ഓടാനുള്ള ശേഷിയും നല്ല വേഗവും ടട്രയുടെ പ്രത്യേകതയാണ്. പൃഥ്വി, അഗ്‌നി തുടങ്ങിയ മിസൈലുകളുടെ ലോഞ്ചറുകള്‍ ഈ ട്രക്കിലാണ് ഘടിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് ടട്രയെക്കുറിച്ച് പരാതിയില്ല, കൂടുതല്‍ ആവശ്യമാണു താനും -അദ്ദേഹം പറഞ്ഞു.

Newsletter