ടെട്ര ഇടപാട്: രവി ഋഷിയെ വീണ്ടും ചോദ്യം ചെയ്യും
- Last Updated on 01 April 2012
ന്യൂഡല്‍ഹി: കരസേനയിലേക്ക് ടെട്ര ട്രക്ക് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ വെക്ട്ര കമ്പനി മേധാവി രവി ഋഷിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ടെട്ര ട്രക്ക് ഇടപാടിനെക്കുറിച്ച് അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അദ്ദേഹത്തോട് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ഋഷിയെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
ലണ്ടന്‍ ആസ്ഥാനമായുള്ള ബിസിനസ്സുകാരനായ ഋഷി രാജ്യം വിട്ടുപോകാതിരിക്കാന്‍ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കരസേനയിലേക്ക് 7000 ടെട്ര ട്രക്കുകളാണ് വെക്ട്ര കമ്പനി നല്‍കിയത്. ഈ വില്‍പനയില്‍ ക്രമക്കേടുണ്ടോയെന്നാണ് സി.ബി.ഐ പരിശോധിക്കുന്നത്.
ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കരസേന മേധാവി വി.കെ സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ടെട്രയുടെ ബാംഗ്ലൂരിലേയും ഡല്‍ഹിയിലേയും ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.