കത്ത് ചോര്‍ന്നത് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും
- Last Updated on 29 March 2012
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കത്ത് ചോര്‍ന്ന സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സിങ് പ്രസ്താവനയില്‍ പറയുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. രഹസ്യ സ്വഭാവമുള്ള കത്താണ് താന്‍ പ്രധാനമന്ത്രിക്ക് അയച്ചത്. കത്ത് ചോര്‍ന്ന സംഭവം വഞ്ചനയായി കണക്കാക്കി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധസജ്ജത അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 12ന് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്.