സേനാമേധാവി ആന്റണിയെ കണ്ടു, ആയുധസംഭരണം വേഗത്തിലാക്കും
- Last Updated on 03 April 2012
ന്യൂഡല്‍ഹി: കരസേനയുടെ ആയുധംവാങ്ങല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍ദേശം നല്‍കി.
സേനയുടെ ആയുധശേഖരത്തില്‍ കാര്യമായ കുറവുണ്ടെന്ന് കരസേനാമേധാവി ജനറല്‍ വി.കെ. സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹചര്യത്തിലാണിത്. ആയുധസംഭരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് സേനാആസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക
സ്വാതന്ത്ര്യം നല്‍കാമെന്ന വാഗ്ദാനവും പ്രതിരോധമന്ത്രി നല്‍കി.
ജനറല്‍ വി.കെ. സിങ്ങുമായി തിങ്കളാഴ്ച നടന്ന സുപ്രധാനകൂടിക്കാഴ്ചയിലാണ് ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സേനാമേധാവി പ്രതിരോധമന്ത്രാലയവുമായി അകലം പാലിക്കുകയും വിവാദ പരമ്പരകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളെ കണ്ടെത്താനാവുന്ന വിധത്തില്‍ ആയുധസംഭരണം സുതാര്യമാക്കാനുള്ള നിര്‍ദേശങ്ങളാണ് ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ ആന്റണി പ്രധാനമായും നല്‍കിയത്. സേനയ്ക്ക് അടിയന്തരമായി വേണ്ട പ്രധാനപ്പെട്ട ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എന്തെല്ലാമാണെന്ന് കണക്കാനുള്ള നിര്‍ദേശവും മന്ത്രി നല്‍കി.
പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനുള്ള സാങ്കേതിക വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഏറ്റവും കുറഞ്ഞസമയം മാത്രമേ എടുക്കാവൂ. ഇക്കാര്യം അടിയന്തരമായി പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കരസേനയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാഗ്ദാനം ചെയെ്തന്ന വിവരം ജനറല്‍ വി.കെ. സിങ്ങ് പരസ്യമാക്കിയത് വന്‍വിവാദത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെ സൈന്യത്തിന്റെ ആയുധക്ഷാമവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്ത് ചോര്‍ന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ചൂടേറിയ ചര്‍ച്ചയായി. പ്രതിരോധമന്ത്രിയും കരസേനാമേധാവിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നു.
ഈ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച സൗത്ത് ബ്ലോക്കില്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനറല്‍ വി.കെ. സിങ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ സപ്തംബറിലും ഈ ജനവരിയിലും നടന്ന വിലയിരുത്തല്‍ യോഗങ്ങളുടെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്നാണ് പ്രതിരോധമന്ത്രാലയം വിശദീകരിക്കുന്നത്.
അതിനിടെ 12-ാം പഞ്ചവത്സര പദ്ധതിക്കാലത്തെ പ്രതിരോധപരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ മൂന്ന് സേനാമേധാവികളുടെയും സാന്നിധ്യത്തില്‍ നടന്ന പ്രതിരോധ ആയുധസംഭരണ സമിതി യോഗത്തിലാണ് ഇതിന് അംഗീകാരമായത്.
കരസേനാമേധാവിയും പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ യോഗം നടന്നത്. ദീര്‍ഘകാല ആയുധംവാങ്ങല്‍ പദ്ധതിക്കും 12-ാം പഞ്ചവത്സര പദ്ധതിക്കാലത്തെ പ്രതിരോധ പദ്ധതികള്‍ക്കുമാണ് യോഗം അംഗീകാരം നല്‍കിയത്. 15 വര്‍ഷക്കാലത്തേക്ക് പ്രതിരോധസേനയ്ക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്ന കാര്യമാണ് ദീര്‍ഘകാലപദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഇതിന്റെ ഭാഗമായിരിക്കും. തിങ്കളാഴ്ച നടന്ന യോഗത്തിന്റെ പുരോഗതി പരിശോധിക്കാന്‍ അടുത്ത മാസം കരസേനാ മേധാവിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തും.