പ്രപഞ്ചത്തിന്റെ രൂപഘടന നിശ്ചയിച്ചത് ശബ്ദതരംഗങ്ങളെന്ന്
- Last Updated on 02 April 2012
- Hits: 2
ലണ്ടന്‍: പ്രാചീന ശബ്ദതരംഗ പ്രകമ്പനങ്ങള്‍ക്ക് ആദിപ്രപഞ്ചത്തിന്റെ ആകൃതിയും രൂപഘടനയും നിശ്ചയിച്ചതില്‍ പ്രധാന പങ്കുണ്ടായിരുന്നതായി പഠനറിപ്പോര്‍ട്ട്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട് 30,000 വര്‍ഷത്തിന് ശേഷമാണ് ആ ശബ്ദപ്രകമ്പനങ്ങള്‍ ഉടലെടുത്തതെന്ന് ഗവേഷകര്‍ പറയുന്നു. 2.65 ലക്ഷം ഗാലക്‌സികളെ നിരീക്ഷിച്ച 'ബാരിയൊണ്‍ ഓസിലേഷന്‍ സ്‌പെക്‌ട്രോസ്‌കോപ്പിക്
സര്‍വ്വേ' (ബോസ്) യില്‍ ലഭിച്ച വിവരങ്ങളുടെ സഹായത്താലാണ്, പ്രാചീനപ്രപഞ്ചത്തില്‍ ശബ്ദതരംഗങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.
പ്രപഞ്ചം രൂപപ്പെട്ട് 30,000 വര്‍ഷം പിന്നിട്ടപ്പോള്‍, ശ്യാമദ്രവ്യത്തിന്റെ ആദിമരൂപങ്ങള്‍ക്ക് ചുറ്റിലുമായി ദ്രവ്യം വന്‍തോതില്‍ തകര്‍ന്നടിയാന്‍ ആരംഭിച്ചു. എന്നാല്‍, പ്രകാശകണങ്ങളായ ഫോട്ടോണുകളുടെ പുറത്തേക്കുള്ള തള്ളല്‍ അത് തടഞ്ഞു. ആ ഏറ്റുമുട്ടലാണ് വന്‍ശബ്ദപ്രകമ്പനങ്ങളായി പരിണമിച്ചത്.
കുളത്തില്‍ കല്ലെറിയുമ്പോഴുണ്ടാകുന്ന ഓളങ്ങള്‍പോലെ ആ ആദിമശബ്ദതരംഗങ്ങള്‍. പ്രപഞ്ചം ഒരു നിശ്ചിതഊഷ്മാവിലേക്ക് തണുക്കുംവരെ അവ പുറത്തേക്ക് വ്യാപിച്ചു. ഇത്തരം ശബ്ദതരംഗങ്ങളുടെ വക്കിലും മധ്യഭാഗത്തുമാണ് കൂടുതല്‍ ഗാലക്‌സികള്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു.
ഭൂമിയില്‍നിന്ന് 450 കോടി മുതല്‍ 630 കോടി പ്രകാശവര്‍ഷം വരെയുള്ള ദൂരത്തിനിടയിലെ ഇരട്ട ഗാലക്‌സികളുടെ അകലം, ബോസ് സംഘത്തിലെ ഗവേഷകര്‍ കണക്കാക്കിനോക്കി. കൂടുതല്‍ ഇരട്ടഗാലക്‌സികള്‍ തമ്മിലുള്ള അകലം 50 കോടി പ്രകാശവര്‍ഷമാണെന്ന് ഗവേഷകര്‍ കണ്ടു. ഇതാണ് ആ പ്രാചീന ശബ്ദതരംഗങ്ങളുടെ വ്യാസമെന്ന് ഗവേഷകര്‍ കരുതുന്നു.
ശ്യാമോര്‍ജത്തിന്റെ (ഡാര്‍ക്ക് എനര്‍ജി) സ്വാധീനത്താല്‍ പ്രപഞ്ചത്തിലെ ഗാലക്‌സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുന്നു എന്ന സിദ്ധാന്തം ശരിയാണെങ്കില്‍, ഇതാവണം പ്രാചീന ശബ്ദതരംഗത്തിന്റെ വ്യാസമെന്ന് ഗവേഷകര്‍ കരുതുന്നു. സ്‌പേസിലെ ഒരു നിശ്ചിത വ്യാപ്തത്തിലുള്ള ഊര്‍ജത്തിന് സമയത്തിനനുസരിച്ച് വ്യതിയാനം സംഭവിക്കുന്നില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു.