'കാലം ഏറ്റുപറയും, ടി.പി.യാണ് ശരിയെന്ന്...'
- Last Updated on 11 May 2012
- Hits: 2
വടകര: 'മാര്‍ക്‌സല്ല, ടി.പി.യാണ് ശരി...' കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തെ നോട്ടുപുസ്തകത്തില്‍ ആരോ കുറിച്ചിട്ടു. മറ്റൊരാള്‍ എഴുതി: 'കാലം ഏറ്റുപറയും, ടി.പി.യാണ് ശരിയെന്ന്...'
നോട്ടുപുസ്തകം നിറയെ ഒഞ്ചിയത്തിന്റെ നായകനെക്കുറിച്ചുള്ള സ്മരണകളാണ്.
ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍, രമയ്ക്കും മകനും റവലൂഷണറി പ്രസ്ഥാനത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍... ഇവരില്‍ സി.പി.എം. പ്രവര്‍ത്തകരുമുണ്ട്. ''നിങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല'' എന്ന് എഴുതിയത് കോട്ടപ്പള്ളിയിലെ ഒരു കൂട്ടം സഖാക്കളാണ്. കൂടാതെ ശക്തമായ പ്രതിഷേധവുമായി ചെമ്മരത്തൂരിലെ മറ്റൊരു സംഘം സഖാക്കളും കുറിപ്പെഴുതി.
ബുധനാഴ്ചയാണ് അനുശോചനക്കുറിപ്പെഴുതാന്‍ ഒരു നോട്ടുപുസ്തകം മേശപ്പുറത്ത് വെച്ചത്. അടക്കിപ്പിടിച്ച പ്രതിഷേധവും ദുഃഖഭാരവുമായി എത്തിയവര്‍ തങ്ങളുടെ പ്രതിഷേധവും ദുഃഖവുമൊക്കെ ഇതിന്റെ താളുകളില്‍ ഇറക്കിവെക്കുകയാണ്. ഒറ്റ ദിവസംകൊണ്ടുതന്നെ താളുകള്‍ തീരാറായി.
ചന്ദ്രശേഖരന്റെ കൊലയ്ക്ക് സാക്ഷിയായ രാമചന്ദ്രന്റെ കുറിപ്പുമുണ്ട് ഇതില്‍. ''നിങ്ങളുടെ അന്ത്യം നേരിട്ട് കാണേണ്ടിവന്ന എനിക്ക് ഇതില്‍ കുറിച്ചിടാന്‍ വാക്കുകളില്ല... എങ്കിലും പിന്നില്‍നിന്നേ നിങ്ങളെ കൊല്ലാന്‍ കഴിയൂ... നേരിട്ട് കഴിയില്ല...''
ജീര്‍ണതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ കഴിവും ഞാന്‍ ഉപയോഗിക്കുമെന്ന് പി.സി. ജോര്‍ജിന്റെ കുറിപ്പ്. വി.എസ്. നയിക്കുന്ന മുന്നണി ഉണ്ടാകട്ടെ എന്ന് മറ്റൊരാള്‍ ആശംസിച്ചപ്പോള്‍ ആശയങ്ങളെ ആയുധങ്ങള്‍കൊണ്ടല്ല തോല്പിക്കേണ്ടതെന്ന് വേറൊരാളുടെ ഓര്‍മപ്പെടുത്തല്‍. ടി.പി.യുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ രമ പറഞ്ഞ ''കൊല്ലാനേ പറ്റൂ തോല്പിക്കാനാകില്ല'' എന്ന വാചകം പലരും പകര്‍ത്തിയെഴുതി.
കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരുടെയൊക്കെ കുറിപ്പുകള്‍ ഇതിലുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിന്ന് എട്ടുപേര്‍ എത്തി. സി.പി.എം. വിട്ടതിന്റെ പേരില്‍ കാല്‍ തല്ലിത്തകര്‍ക്കപ്പെട്ട റയീസിന്റെ നേതൃത്വത്തിലാണ് ഇവര്‍ വന്നത്. ഇപ്പോള്‍ ഇവരെല്ലാം സി.പി.ഐ.ക്കാരാണ്.
മത്തായി ചാക്കോയുടെ ഭാര്യ മേഴ്‌സി ചാക്കോ, സി.പി.എം. എം.എല്‍.എ. പ്രദീപ് കുമാറിന്റെ ഭാര്യ അഖില, സി.പി.എം. സഹയാത്രികന്‍ കരിവെള്ളൂര്‍ മുരളി... ടി.പി. യുടെ വീട്ടിലേക്ക് ഇവരൊക്കെ വന്നതിന് രാഷ്ട്രീയം തടസ്സമായില്ല. ഒരു കവിതാപുസ്തകം രമയ്ക്ക് നല്‍കിയാണ് മുരളി മടങ്ങിയത്.
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് ഒരാഴ്ച ആകുമ്പോഴേക്കും നാടാകെ ഫ്‌ളക്‌സ്‌ബോര്‍ഡുകളും നിറയുകയാണ്. സഖാവിനെ തീര്‍ത്തു കളഞ്ഞ നപുംസകങ്ങളോട് ഞങ്ങള്‍ കണക്കുതീര്‍ക്കും. വാള്‍മുനകൊണ്ടല്ല ടി.പി. പകര്‍ന്നു നല്‍കിയ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുകൊണ്ട്... ടിപി.യുടെ വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡാണിത്.
ഒഞ്ചിയത്ത് മാത്രമല്ല സമീപപ്രദേശങ്ങളില്‍പ്പോലും ഇത്തരം ബോര്‍ഡുകള്‍ വന്നുതുടങ്ങി. കൂടുതല്‍ ബോര്‍ഡുകളിലുള്ളത് ഈ വാചകം: 'കൊല്ലാം പക്ഷേ, തോല്പിക്കാനാവില്ല.'