ചന്ദ്രശേഖരന് വധം: സി.പി.എമ്മിനെതിരെ കൂടുതല്‍ തെളിവ്
- Last Updated on 12 May 2012
- Hits: 1
കണ്ണൂര്‍/കോഴിക്കോട്: റവലൂ ഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സി.പി.എം. ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
സി.പി.എം. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്ന
ചിലരുടെ ഫോണിലേക്ക് വിളി പോയതായി അന്വേഷണസംഘം കണ്ടെത്തി. ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.തീവ്രവാദികളാണ് കൊലയ്ക്ക് പിന്നിലെന്ന് സ്ഥാപിക്കാനാവശ്യമായ രീതിയിലാവണം പദ്ധതി തയ്യാറാക്കേണ്ടതെന്ന നിര്‍ദേശവും ഗുണ്ടാനേതാവ് കൊടി സുനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായി വിവിധ രാഷ്ട്രീയബന്ധമുള്ളവരുള്ള ക്വട്ടേഷന്‍ സംഘമായിരിക്കണം ദൗത്യം ഏറ്റെടുക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാറില്‍ അറബി വാക്ക് പതിച്ചത് ബോധപൂര്‍വമാണെന്നും വ്യക്തമായിട്ടുണ്ട്.
നേതാക്കളുടെ വിശ്വസ്തനും കൊലപാതക കേസിലുള്‍പ്പെടെ പ്രതിയുമായ ഒരാളുടെ ഫോണിലേക്കാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഒട്ടേറെത്തവണ കോളുകള്‍ പോയത്. ഇത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.
പ്രതികള്‍ വിമാനത്താവളംവഴി രാജ്യം വിടാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കാണ് ആറുപേരുടെ വിവരങ്ങളടങ്ങുന്ന സര്‍ക്കുലര്‍ കൈമാറിയിട്ടുള്ളത്.ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന മാസങ്ങള്‍ക്കുമുമ്പാണ് തുടങ്ങിയത്. ചുമതല കൊടിസുനിക്ക് മാത്രമായിരുന്നു. വന്‍തോതില്‍ പണമെറിഞ്ഞാണ് ദൗത്യത്തിന് ആളെ നിയോഗിച്ചത്. ചന്ദ്രശേഖരനെയാണ് കൊല്ലേണ്ടതെന്ന് സംഘാംഗങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ഇപ്പോള്‍ അന്വേഷണസംഘം തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരുണ്ടെന്നാണ് സൂചന. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഫലമായാണ് പ്രതികള്‍ വിവിധ പാര്‍ട്ടി ബന്ധമുള്ളവരായതെന്നും പോലീസ് പറയുന്നു.
അതേസമയം കേസന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയെന്നാണ് സൂചന. അന്വേഷണപുരോഗതി സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉടന്‍ ഉണ്ടാവുമെന്നാണറിയുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.
സി.പി.എം. പ്രാദേശികഘടകത്തിലെ ചില നേതാക്കളും പ്രവര്‍ത്തകരും അന്വേഷണസംഘത്തിന് മുമ്പില്‍ നിരപരാധിത്വം തെളിയിക്കാനെത്തുന്നുണ്ടെന്നാണ് അറിവ്. ഇവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയുടെ കുന്തമുന നേതൃത്വത്തിലുള്ള ചിലരിലേക്ക് നീണ്ടതോടെ പരമാവധി തെളിവ് ശേഖരിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവരുടെ പങ്കും ജയിലില്‍ ഏത് തരത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും കാര്യമായി അന്വേഷിക്കുന്നുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും ചില സി.പി.എം. നേതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.
'മാശാ അല്ലാ' എന്ന അറബിവാക്കാണ് കാറില്‍ പതിച്ചിരുന്നത്. കൃത്യം നടത്തിയത് ഏതെങ്കിലും തീവ്രവാദസംഘടനകളാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നവീന്‍ദാസില്‍ നിന്ന് റിജേഷ് വഴി ഹാരിസ് എന്നയാളാണ് കേസിലെ പ്രധാന കണ്ണിയായ പള്ളൂര്‍ സ്വദേശി റഫീഖിന് കാര്‍ വാടകയ്‌ക്കെടുത്തു കൊടുത്തത്. കാര്‍ 15 ദിവസത്തോളം സംഘത്തിന്റെ കൈയിലുണ്ടായിരുന്നു.
ഇതിനിടയിലാണ് അറബിവാക്ക് എഴുതിവെച്ചത്. കാറില്‍ അറബിവാക്ക് നേരത്തേ ഇല്ലായിരുന്നു എന്ന് ഉടമയായ നവീന്‍ദാസ് മൊഴി നല്‍കിയിട്ടുമുണ്ട്.
സി.പി.എമ്മിനെ സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് രമയുടെ അച്ഛന്‍
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുപിന്നില്‍ സി.പി.എം. ആണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ രമയുടെ അച്ഛനും സി.പി.എം. നേതാവുമായ കെ.കെ. മാധവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചന്ദ്രശേഖരന് ബി.ജെ.പി., കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ മറ്റ് പാര്‍ട്ടികളുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നാലുവര്‍ഷമായി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഉത്തരവാദപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വധത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് താന്‍ പറയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സന്ദര്‍ഭത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷേ, കൊലയ്ക്കുപിന്നില്‍ സിപി.എം. ആണെന്നു തെളിഞ്ഞാല്‍ ഭാവിപരിപാടി ഗൗരവമായി ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ കെ.കെ. മാധവന്‍ നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.
മൂന്ന് പേര്‍ ആന്ധ്രയില്‍ പിടിയില്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷണ സംഘം ആന്ധ്രയില്‍നിന്ന് പിടികൂടി.
വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മുഖ്യ പ്രതികളായ കൊടി സുനിയും പള്ളൂര്‍ സ്വദേശി റഫീഖും ആന്ധ്രയിലേക്ക് കടന്നു എന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുദിവസങ്ങളായി അന്വേഷണസംഘം ആന്ധ്രയിലുണ്ട്.
എന്നാല്‍ പിടിയിലായവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണോ എന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായാണ് എന്നാണ് വിവരം.