യെദ്യൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണം നടത്താം: സുപ്രീം കോടതി
- Last Updated on 11 May 2012
ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സമിതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
കോഴവാങ്ങി ഇരുമ്പയിര് ഖനന കമ്പനിക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് യദ്യൂരപ്പക്കെതിരെയുള്ള ആരോപണം. യെദ്യൂരപ്പയുടെ കുടുംബത്തിന്റെ പേരിലുള്ള പ്രേരണ ട്രസ്റ്റിന് സൗത്ത് വെസ്റ്റ് മൈനിങ് കമ്പനി പത്ത് കോടി രൂപ സംഭാവന നല്‍കിയിരുന്നുവെന്ന് ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല രാച്ചനഹള്ളിയില്‍ 1.2 ഏക്കര്‍ സ്ഥലം വാങ്ങാന്‍ മൈനിങ് കമ്പനി 20 കോടി രൂപനല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖനനത്തിലുള്ള ഔദ്യോഗിക ഒത്താശയ്ക്കുവേണ്ടിയാണ് കമ്പനി ഈ തുക നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.