ആരേയും തിരിച്ചറിയാതെ ജഗതി;ചികിത്സ മാസങ്ങള്‍ നീളും
- Last Updated on 12 May 2012
- Hits: 2
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ചികിത്സ മാസങ്ങള്‍ നീളുമെന്ന് ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അവര്‍ പറഞ്ഞു.
വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വലതുകാല്‍ അനങ്ങുന്നുണ്ടെന്നും ഇത് ആശാവഹമായ ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 'വലതുകാലിലെ അനക്കം കൈയിലേക്കും അവിടെ നിന്ന് സംസാരശേഷിയിലേക്കും പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതൊരു പ്രഥമസൂചനയാണ്; കാര്യങ്ങള്‍ മെച്ചപ്പെടുമെന്നതിന്റെ സൂചന' ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു.
തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില സങ്കീര്‍ണമാക്കുന്നത്. വാഹനാപകടത്തിലുണ്ടായ ആഘാതത്തില്‍ ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്നാണ് ആസ്പത്രിവൃത്തങ്ങള്‍ പറയുന്നത്. ശരീരത്തിലുണ്ടായ മുറിവുകളും എല്ലുകളുടെ പൊട്ടലുകളും നേരെയായിവരുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഈ പുരോഗതി തലച്ചോറിന്റെ കാര്യത്തിലില്ല എന്നതാണ് ഡോക്ടര്‍മാരെ അലട്ടുന്നത്.
ഒരുതരം അര്‍ധബോധാവസ്ഥയിലാണ് ജഗതിയെന്നാണറിയുന്നത്. നിലവില്‍ ആരേയും തിരിച്ചറിയാനാവുന്നില്ല. ഭക്ഷണം ട്യൂബുകളിലൂടെയാണ് നല്‍കുന്നത്. തിരിച്ചറിയാന്‍ സഹായിക്കുന്ന ഇന്ദ്രിയങ്ങളെ പതുക്കെ ഉണര്‍ത്തിയെടുക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഇതിനുള്ള സങ്കീര്‍ണമായ ചികിത്സാപ്രക്രിയയാണ് ന്യൂറോ റീഹാബിലിറ്റേഷന്‍. ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാരാണ് നിലവില്‍ ജഗതിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ മാര്‍ച്ച് പത്തിന് കലിക്കറ്റ്‌സര്‍വകലാശാലയ്ക്കടുത്തുവെച്ചാണ് ജഗതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 12-നാണ് വെല്ലൂര്‍ സി.എം.സി.യില്‍ പ്രവേശിപ്പിച്ചത്.