അമേരിക്കയിലെ ബാങ്കിങ് ഭീമന് 200 കോടി ഡോളറിന്റെ നഷ്ടം
- Last Updated on 12 May 2012
- Hits: 1
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ജെ.പി. മോര്‍ഗന്‍ ചേസിന് ഇരുനൂറ് കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. നഷ്ടം ഇനിയുമുയര്‍ന്നേക്കാമെന്നും പ്രശ്‌നം വഷളായേക്കാമെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡൈമന്‍ മുന്നറിയിപ്പു നല്‍കി. ഇതിനു പിന്നാലെ വിവിധ വന്‍കിട ബാങ്കുകള്‍ക്ക് ഓഹരിവിപണിയില്‍ തിരിച്ചടി
നേരിട്ടതോടെ യു.എസ്. സാമ്പത്തികരംഗത്ത് ഭീതിപടര്‍ന്നു.
ഓഹരി വിപണിയിലെയും മൂലധന ഫണ്ടുകളിലെയും തെറ്റായ നിക്ഷേപങ്ങളാണ് ജെ.പി. മോര്‍ഗന് തിരിച്ചടിയായത്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ നൂറ് കോടി ഡോളറിന്റെ നഷ്ടം കൂടി സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഡൈമന്‍ പറയുന്നു. ഈ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജെ.പി. മോര്‍ഗന്‍ ബാങ്കിന്റെ ഓഹരികളില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായത്.
അമേരിക്കന്‍ ബാങ്കുകളായ ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയ്ക്കാണ് ഓഹരിവിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടത്. യൂറോപ്യന്‍ ബാങ്കുകളായ ബാര്‍ക്ലെയ്‌സ്, ഡോയ്ച്, ബി.എന്‍.പി. പാരിബാസ് എന്നിവയ്ക്കും നഷ്ടമുണ്ടായി. 2008 ലെ സാമ്പത്തികമാന്ദ്യ കാലത്ത് താരതമ്യേന വലിയ തിരിച്ചടിയുണ്ടാകാത്ത കമ്പനിയാണ് ജെ.പി. മോര്‍ഗന്‍.