ഇഹ്‌സാന്‍ ജഫ്രി വെടിവെച്ചത് പ്രകോപനമായെന്ന് എസ്.ഐ.ടി.
- Last Updated on 12 May 2012
അഹമ്മദാബാദ്: ഗുജറാത്തിലെ ഗുല്‍ബര്‍ഗസൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എം.പി.യായ ഇഹ്‌സാന്‍ ജഫ്രി ജനക്കൂട്ടത്തിനു നേരേ വെടിവെച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പ്രത്യേകാന്വേഷണസംഘ (എസ്.ഐ.ടി.) ത്തിന്റെ റിപ്പോര്‍ട്ട്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒരു ടെലിവിഷന്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ 'പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന സിദ്ധാന്തം' എസ്.ഐ.ടി. ശരിവെക്കുകയും ചെയ്തു. 2002-ല്‍ ഗുജറാത്ത് കലാപത്തിനിടെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിക്ക് കാരണം ഇഫ്‌സാന്‍ ജഫ്രി അക്രമാസക്തമായ ജനക്കൂട്ടത്തിനുനേരേ വെടിവെച്ചതാവാമെന്ന് മോഡി ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി നിയോഗിച്ച എസ്.ഐ.ടി.യുടെ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചാനല്‍ ഇന്‍റര്‍വ്യൂവില്‍ മോഡി പറഞ്ഞ വാചകങ്ങള്‍ അതേപടി ഉദ്ധരിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ ഇഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേരാണ് മരിച്ചത്.
ഗോധ്ര തീവെപ്പ് നടന്ന 2002 ഫിബ്രവരി 27-ന് ശേഷം മാര്‍ച്ച് ഒന്നിനാണ് മോഡിയെ ചാനല്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നത്. അതില്‍ ഇങ്ങനെ പറയുന്നു: ''40 സ്ത്രീകളും കുട്ടികളുമടക്കം ജീവനോടെ തീവെക്കപ്പെട്ട സംഭവം രാജ്യത്തെയും വിദേശത്തെയും ഞെട്ടിച്ചു. ഗോധ്രയിലെ ഈ മേഖലയില്‍ കുറ്റകൃത്യ പശ്ചാത്തലമുള്ള ആളുകളുണ്ട്. അവര്‍ നേരത്തേ ഒരു അധ്യാപികയെ കൊലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ ക്രൂരകൃത്യവും ചെയ്തിരിക്കുന്നു. ഇത് ഗോധ്രസംഭവത്തോടുള്ള പ്രതികരണമാണെന്ന് തോന്നുന്നു.''
ഈ ഇന്‍റര്‍വ്യൂ പരിഗണിച്ച് നരേന്ദ്രമോഡിക്കെതിരെ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്നാണ് എസ്.ഐ.ടി. പറയുന്നത്. എസ്.ഐ.ടി. റിപ്പോര്‍ട്ടില്‍ ഇതോടൊപ്പമാണ് ജഫ്രി വെടിവെച്ചത് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന മോഡിയുടെ വാദം ഉദ്ധരിക്കുന്നത്.
മെയ് ഏഴിനാണ് എസ്.ഐ.ടി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇഫ്‌സാന്‍ ജഫ്രിയുടെ ഭാര്യയും പരാതിക്കാരിയുമായ സാക്കിയ ജഫ്രിക്ക് ലഭിക്കുന്നത്. ഇതില്‍ 20 പേജ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സാക്കിയ ആരോപിച്ചിരുന്നു.
അതിനിടെ ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് കണ്ടെത്താന്‍ പുതിയ അന്വേഷണം വേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. എസ്.ഐ.ടി. റിപ്പോര്‍ട്ട് മോഡിയുടെ ക്രൂരതകളെ മറയ്ക്കാനാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.