കാര്‍ ഡിവൈഡറിലിടിച്ച് ജഗതിക്ക് ഗുരുതരപരിക്ക്
- Last Updated on 11 March 2012
- Hits: 9
കോഴിക്കോട്: ചലച്ചിത്രതാരം ജഗതി ശ്രീകുമാറിനെ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് 'മിംസ്' ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജഗതി അപകടനില തരണം ചെയ്തുവരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനില്‍കുമാര്‍ (50) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ദേശീയപാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. ജഗതി സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിന്റെ ഒരു മീറ്ററിലധികം കാറിന്റെ മുന്‍ഭാഗത്തെ നെടുകെ പിളര്‍ത്തി ഉള്ളിലേക്കു കയറിയ നിലയിലായിരുന്നു.
ചാലക്കുടിയില്‍ പത്മകുമാറിന്റെ പുതിയ സിനിമയായ 'തിരുവമ്പാടി തമ്പാനി'ലെ ഷൂട്ടിങ് കഴിഞ്ഞ് ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാനായി കുടകിലേക്ക് പോകുകയായിരുന്നു ജഗതി. ചെമ്മാട് നിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന മണല്‍ത്തൊഴിലാളി ബൈജുവാണ് ഇടിച്ച് പുക ഉയരുന്ന കാര്‍ ആദ്യമായി കണ്ടത്. രോഗിയെ ആസ്പത്രിയില്‍ ഇറക്കി തിരിച്ചുപോകുകയായിരുന്ന വളാഞ്ചേരി സേവാഭാരതിയുടെ ആംബുലന്‍സിലാണ് ജഗതിയെ ആസ്പത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കൊന്നുമില്ലാത്തതിനാല്‍ ആസ്പത്രിയില്‍ എത്തുമ്പോഴും അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു.
കഴുത്ത്, വാരിയെല്ലുകള്‍, അടിവയര്‍, കാല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റത്. ശ്വാസകോശത്തില്‍ ആന്തരികരക്തസ്രാവമുണ്ടായിരുന്നു. ഇതിനാല്‍ നാലു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടവാര്‍ത്തയറിഞ്ഞ് ജഗതിയുടെ ഭാര്യ ശോഭ, മക്കളായ പാര്‍വതി, രാജ്കുമാര്‍, മരുമകന്‍ ഷോണ്‍ എന്നിവര്‍ ഉച്ചയോടെ ആസ്പത്രിയിലെത്തി. ജഗതിക്ക് അപകടം പറ്റിയതറിഞ്ഞ് സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ആസ്പത്രിയിലേക്ക് പ്രവഹിക്കുകയാണ്.
നടന്മാരായ മധു, ജഗദീഷ്, മാമുക്കോയ, കോഴിക്കോട് നാരായണന്‍ നായര്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്‍റ് പി.വി. ഗംഗാധരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം, സംവിധായകരായ സിദ്ദീഖ്, വി.എം. വിനു, പത്മകുമാര്‍, ഹരിദാസ്, കെ.പി. സുനില്‍, തിരക്കഥാകൃത്തുക്കളായ ടി.എ. റസാഖ്, ടി.എ. ഷാഹിദ്, അഞ്ജലീമേനോന്‍, ഗാനരചയിതാവ് കൈതപ്രം, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവരാണ് ആസ്പത്രിയിലെത്തിയ പ്രമുഖര്‍.
അപകടം നടന്ന് അധികംവൈകാതെ കാറിലുള്ള സാധനങ്ങള്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, ഡിവൈ.എസ്.പി. കെ. സുദര്‍ശനന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.